കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർക്ക് എതിരെ സംസാരിക്കുകയും റൂട്ട് മുടക്കുകയും ചെയ്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് എംഎൽഎ സച്ചിൻ ദേവിന് എതിരെയും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റായ ഇരുവരും അതിന് വിപരീതമായ പ്രവർത്തിയാണ് ചെയ്തിരിക്കുന്നതെന്ന് വലിയ രീതിയിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്. ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയ കെഎസ്ആർടിസിയുടെ തീരുമാനത്തിന് എതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഇപ്പോഴിതാ നടൻ ഹരീഷ് പേരടി ആര്യയ്ക്ക് എതിരെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. “പ്രിയപ്പെട്ട ആര്യാ.. നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരമെന്ന തലസ്ഥാന നഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ചയൊരു ജനാധിപത്യ വിശ്വാസി ആണ് ഞാൻ. പക്ഷേ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരിനിന്ന എന്നെ വല്ലാതെ തളർത്തി.
ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങൾ ഒന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി. ആര്യ പറയുന്നതാണ് ശരിയെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു. ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി.
ഗുണ്ടായിസമായി.. രാഷ്ട്രീയക്കാരുടെ ജീവിതം എസ്എഫ്ഐയുടെ സംരക്ഷിക്കാൻ ആളുണ്ടെന്ന അമിത വിശ്വാസത്തിൽ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല. അത് ആരുമില്ലാതെയാവുമ്പോൾ എതിർ ഭാഗത്ത് നിൽക്കുന്ന ജാവേദക്കർമാരുമായി നടത്തുന്ന രഹസ്യ സംഭാഷണവും ആണെന്ന് ഞാൻ പറായാതെ തന്നെ നിങ്ങൾക്ക് അറിയാം.. അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും സുരക്ഷിതാരാണെന്ന് പൂർണ്ണ ബോധ്യവും നിങ്ങൾക്കുണ്ട്.
പക്ഷേ ഇതൊന്നും അറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെ ആവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെ ആവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാകുന്നു.. ഡ്രൈവർ സലാം.. തൊഴിൽ സലാം..”, ഹരീഷ് കുറിച്ചു.