നടൻ ഇന്നസെന്റിനെ അവസാനമായി ഒന്ന് കാണാൻ നടൻ മോഹൻലാൽ തന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഓടിയെത്തി. ഇന്നലെ രാത്രി മുംബൈയിലെ ഷൂട്ടിംഗ് കഴിഞ്ഞ് രാജസ്ഥാനിൽ എത്തിയ മോഹൻലാൽ അവിടെ എത്തിയപ്പോഴാണ് ഇന്നസെന്റിന്റെ മരണ വിവരം അറിയുന്നത്. തന്റെ പ്രിയ സഹോദരനെ കാണാൻ മോഹൻലാൽ ഫ്ലൈറ്റിൽ കൊച്ചിയിലേക്കും അവിടെ നിന്ന് കാറിൽ ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന് വീട്ടിലേക്കും എത്തി.
ഇപ്പോഴിതാ ഇന്നസെന്റിന്റെ മരണവിവരം അറിഞ്ഞപ്പോൾ മോഹൻലാൽ അനുഭവിച്ച വേദനയെ കുറിച്ച് അദ്ദേഹത്തിന് ഒപ്പം രാജസ്ഥാനിൽ ഷൂട്ടിങ്ങിൽ ഉണ്ടായിരുന്ന നടൻ ഹരീഷ് പേരടി പങ്കുവച്ചിരിക്കുകയാണ്. “ഇത് ഇന്നസെന്റ് എന്ന അതുല്യപ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർചിത്രമാണ്. ഇന്നലെ രാത്രി മുംബൈയിലെ ഷൂട്ടിംഗ് കഴിഞ്ഞാണ് ലാലേട്ടൻ രാജസ്ഥാനിലേക്ക് എത്തുന്നത്. ആയിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന ഒരു ഗാന രംഗം.
കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു, ”ഇന്നസെന്റേട്ടൻ പോയി.. വാർത്ത ഇപ്പോൾ പുറത്തു വരും.. ഞാൻ പാട്ട് പാടി കഥാപാത്രം ആവാൻ പോവുകയാണ്..” സിനിമ എന്ന സ്വപ്നത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തി ബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിൽ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന. ഒരുപാട് ഓർമ്മകൾ തിളച്ചുമറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നുംപറയാൻ ഇല്ലാതെ ഒരു പ്രതിമയെപോലെ ഞാൻ നോക്കി നിന്നു.
പുലർച്ചെ നാല് മണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്.. ഇന്നസെന്റ് സാർ.. ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങളുണ്ടാക്കിയ ചിന്തകൾ അത്രവലുതാണ്. പകരം വെക്കാനില്ലാത്തതാണ്.. സ്നേഹത്തോടെ..”, ഹരീഷ് പേരടി പങ്കുവച്ചു. ലാലേട്ടൻ എങ്ങനെ ആ വേദന സഹിച്ചുനിന്നുകാണും എന്നാണ് ഹരീഷിന്റെ പോസ്റ്റിന് താഴെ ചിലർ ചോദിച്ചത്.