മിമിക്രി വേദികളിൽ നിന്ന് കൈയടിവാങ്ങി സിനിമയിലേക്ക് എത്തി ഹാസ്യ റോളുകളിൽ നിന്ന് നായക നടനായി വരെ അഭിനയിച്ച താരമാണ് നടൻ ഗിന്നസ് പക്രു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡും ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും നേടിയിട്ടുള്ള ഒരാളാണ് അദ്ദേഹം. സംസ്ഥാന അവാർഡിലും അദ്ദേഹത്തിന് പ്രതേക പരാമർശം കിട്ടിയിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിമയാണ് പക്രുവിന് ജീവിതത്തിൽ നേട്ടങ്ങൾ നേടി കൊടുത്തത്. ചെറുതും വലുതമായ ധാരാളം കഥാപാത്രങ്ങൾ പക്രു സിനിമയിൽ ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്. 2006-ലായിരുന്നു പക്രുവിന്റെ വിവാഹം. പത്തനാപുരം സ്വദേശിനിയായ ഗായത്രി മോഹനാണ് താരത്തിന്റെ ഭാര്യ. 2008-ൽ പക്രുവിന് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ പക്രു വീണ്ടും അച്ഛനായി.
പക്രുവിനും ഭാര്യയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. 15 വർഷങ്ങൾക്ക് ശേഷം വീണ്ടും അച്ഛനായതിന്റെ സന്തോഷവും പക്രുവിൽ കാണാൻ സാധിക്കുമായിരുന്നു. ദീപ്ത കൃഷ്ണ, ദ്വിജ കൃഷ്ണ എന്നാണ് മക്കൾക്ക് പക്രുവും ഭാര്യയും ചേർന്ന് നൽകിയിരിക്കുന്ന പേര്. ഒരു മാസം മുമ്പായിരുന്നു ഇളയമ്മയുടെ ചോറൂണ് ചടങ്ങ് നടന്നത്. അന്ന് അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പക്രു ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ 2008-ൽ ആദ്യ മകൾ ജനിച്ചപ്പോൾ ചോറൂണ് സമയത്ത് എടുത്ത ഫോട്ടോയും 2023-ൽ ഇളയമ്മയുടെ ചോറൂണ് സമയത്ത് എടുത്ത ഫോട്ടോയും ചേർത്ത് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പക്രു. പക്രു ചേട്ടൻ കുറച്ചുകൂടി ചെറുപ്പമായി എന്നും മക്കളുടെ ഫോട്ടോ രണ്ടും കണ്ടാൽ ഇരട്ടകളെ പോലെ തോന്നുന്നുവെന്നും പലരും കമന്റുകൾ ഇട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം ഇന്റർനെറ്റിൽ വൈറലായി മാറി.