‘ഓർമയിലെ ആദ്യാക്ഷരം!! നായനാർ അപ്പുപ്പൻ എഴുത്തിന് ഇരുത്തിയ കുട്ടി..’ – അപൂർവ നിമിഷം പങ്കുവച്ച് എലീന പടിക്കൽ

ടെലിവിഷൻ അവതാരകയായി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഒരാളാണ് എലീന പടിക്കൽ. പിന്നീട് ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത് ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട് എലീന. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലും എലീന വളരെ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഡി ഫോർ ഡാൻസ്, കോമഡി സർക്കസ് തുടങ്ങിയ പ്രോഗ്രാമുകളിൽ അവതാരകയായിരുന്നു.

തന്റെ ഓരോ വിശേഷങ്ങളും എലീന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കാമുകനായ രോഹിത് പി നായരെയാണ് എലീന പടിക്കൽ വിവാഹം ചെയ്തത്. വിദ്യാരംഭ ദിവസമായ വിജയദശമി ദിനത്തിൽ തനിക്ക് ആദ്യാക്ഷരം കൈപിടിച്ച് എഴുതി തന്ന പ്രമുഖനായ വ്യക്തിയെയും അതിന്റെ ഫോട്ടോയും പിറ്റേദിവസത്തെ വാർത്ത കട്ടിങ്ങും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് എലീന പടിക്കൽ ഇപ്പോൾ.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാർ ആണ് എലീന പടിക്കലിന് ആദ്യാക്ഷരം കുറിച്ചത്. ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറും അദ്ദേഹത്തിന് ഒപ്പം ചിത്രത്തിലുണ്ട്. “ഓർമയിലെ ആദ്യാക്ഷരം.. ഞാൻ എത്ര ഭാഗ്യവതിയാണ്. എന്റെ മാതാപിതാക്കൾക്കും തീർച്ചയായും “നായനാർ അപ്പൂപ്പൻ” ടീച്ചറമ്മയ്ക്കും നന്ദി(ഞാൻ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ അവർ ഇഷ്ടപ്പെട്ടു).

ചുറ്റുമുള്ള ഈ സ്നേഹമുള്ള വ്യക്തികളുടെ എല്ലാ അനുഗ്രഹങ്ങളും പാഠങ്ങളും എന്നെ മികച്ച വ്യക്തിയാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു..”, എലീന പടിക്കൽ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ജനിച്ചപ്പോൾ തന്നെ സെലിബ്രിറ്റി ആയിരുന്നല്ലേ എന്നാണ് ഒരു ആരാധകൻ പോസ്റ്റിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഭാഗ്യം ചെയ്ത കുട്ടിയെന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് നായനാര്‍ മൂന്ന് വയസ്സുകാരിയായ എലീനയെ എഴുത്തിന് ഇരുത്തിയത്.