‘ഒന്നിച്ചിട്ട് വർഷം പതിനെട്ട്! പ്രാർത്ഥനകൾക്ക് നന്ദി..’ – വിവാഹ വാർഷിക ദിനത്തിൽ സന്തോഷം പങ്കിട്ട് ഗിന്നസ് പക്രു

ബാലതാരമായി പിന്നീട് ഹാസ്യ താരമായും മലയാളികൾ നെഞ്ചിലേറ്റിയ നടനാണ് ഗിന്നസ് പക്രു. ജോക്കർ, കുഞ്ഞിക്കൂനൻ, മീശമാധവൻ തുടങ്ങിയ ദിലീപ് ചിത്രങ്ങളിലൂടെയാണ് പക്രു മലയാളികൾക്ക് കൂടുതൽ സുപരിചിതനാകുന്നത്. അതിന് മുമ്പ് കലോത്സവങ്ങളിൽ മിമിക്രി കലാകാരനായി കൈയടികൾ വാരിക്കൂട്ടിയ പക്രു സിനിമയിലേക്ക് എത്തിയ ശേഷവും പ്രേക്ഷകരുടെ കൈയടികൾ നേടി. അജയ് കുമാർ എന്നാണ് പക്രുവിന്റെ യഥാർത്ഥ പേര്.

ഉണ്ട പക്രു എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നെങ്കിലും അങ്ങനെ വിളിക്കുമ്പോൾ ഏറെ വേദനയുണ്ടെന്ന് താരം തന്നെ പറഞ്ഞതിന് ശേഷം പക്രു എന്ന് ചുരുക്കി വിളിക്കുകയായിരുന്നു മലയാളികൾ. പിന്നീട് സിനിമയിൽ നായകനായി അഭിനയിച്ചതോടെ ഗിന്നസ് റെക്കോർഡ് ലഭിക്കുകയും അതിന് ശേഷം ഗിന്നസ് പക്രു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. സംവിധായകനായും കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒരു തവണ കേരള സംസ്ഥാന അവാർഡും ഒരു തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡിനും അർഹനായിട്ടുണ്ട് പക്രു. 2006-ലായിരുന്നു ഗിന്നസ് പക്രുവിന്റെ വിവാഹം. രണ്ട് പെൺമക്കളും താരത്തിനുണ്ട്. ഇപ്പോഴിതാ വിവാഹിതനായിട്ട് പതിനെട്ട് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷമേ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗിന്നസ് പക്രു. വിവാഹ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചാണ് ഈ സന്തോഷം അറിയിച്ചത്.

“ഒന്നിച്ചിട്ട് വർഷം പതിനെട്ട്.. സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദി.. മഹാശിവരാത്രി ആശംസകൾ..”, പക്രു ചിത്രങ്ങൾ ഒപ്പം കുറിച്ചു. ഇരുവർക്കും ആശംസകൾ നേർന്ന് നൂറ് കണക്കിന് പേരാണ് പക്രുവിന്റെ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്നിങ്ങനെയാണ് പക്രുവിന്റെ മക്കളുടെ പേര്. കഴിഞ്ഞ വർഷമാണ് പക്രുവിന് ഇളയമകൾ ജനിക്കുന്നത്. ആദ്യ മകൾ 2008-ലാണ് ജനിച്ചത്.