വിജയ് സേതുപതിയും തൃഷയും പ്രധാന റോളുകളിൽ അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു 96. സ്കൂൾ റീയൂണിയനിൽ തൻറെ പഴയ കാമുകിയായ ജാനകിയെ കാണുന്ന റാം എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി സിനിമയിൽ അഭിനയിക്കുന്നത്. ജാനകിയായി തൃഷയും തിളങ്ങി. ഒരു റൊമാന്റിക് ഡ്രാമയായ ചിത്രത്തിൽ ഇവരുടെ ചെറുപ്പകാലവും കാണിക്കുന്നുണ്ട്.
അതിൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മലയാളിയായ ഒരു പെൺകുട്ടി ആയിരുന്നു. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗൗരി ജി കിഷനായിരുന്നു അതിൽ കുട്ടി ജാനുവായി അഭിനയിച്ചത്. മലയാളി ആണെങ്കിലും ഗൗരി വളർന്നത് കൂടുതലും ചെന്നൈയിലാണ്. ആ സിനിമയിൽ അഭിനയിച്ചതോടെ ഗൗരിയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. അതിന് ശേഷം മലയാളത്തിൽ നിന്നും അവസരങ്ങൾ ലഭിച്ചു.
മാർഗംകളി എന്ന മലയാള ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും മലയാളത്തിൽ ഗൗരിയെ കൂടുതൽ പ്രിയങ്കരിയാക്കിയത് അനുഗ്രഹീതൻ ആന്റണിയാണ്. അതിൽ നായികയായിട്ടാണ് ഗൗരി അഭിനയിച്ചത്. മാസ്റ്റർ, കർണൻ തുടങ്ങിയ തമിഴ് സിനിമകളിലും ഗൗരി കിഷൻ ശ്രദ്ധേയമായ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘പുത്തം പുതു കാലൈ വിടിയാഥാ’ എന്ന ആന്തോളജി ചിത്രത്തിലും നായികയായി ഗൗരി അഭിനയിച്ചിരുന്നു.
ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഗൗരി ഇപ്പോൾ. തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി ഗൗരി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഗൗരി ചെയ്ത പുതിയ മേക്കോവർ ഫോട്ടോഷൂട്ടും വൈറലായിരിക്കുകയാണ്. വെള്ള ഔട്ട്ഫിറ്റിലുള്ള ഗൗരിയുടെ പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. ബാലകുമാരനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.