‘അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്..’ – ആദിത്യന്റെ വേർപാടിൽ വേദനയോടെ നടി ഗോപിക അനിൽ

സാന്ത്വനം എന്ന സീരിയിലിന്റെ സംവിധായകൻ ആദിത്യന്റെ മരണം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 47 വയസ്സായിരുന്നു. സൂപ്പർഹിറ്റ് സീരിയലുകളായ വാനമ്പാടി, ആകാശദൂത് എന്നിവയും സംവിധാനം ചെയ്തത് ആദിത്യൻ ആയിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ പരമ്പരകൾ ആദിത്യനിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ആദിത്യന്റെ വേർപാടിന്റെ വേദനയിലാണ് സാന്ത്വനം കുടുംബം.

അദ്ദേഹത്തിന്റെ വേർപ്പാടിനെ കുറിച്ചുള്ള വേദന പങ്കുവച്ചിരിക്കുകയാണ് നടി ഗോപിക അനിൽ. സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപികയാണ്. “ഗോപിക അനിലെന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരാളാക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയലാണ്. അതിന്റെ കഥയാണ്, അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്.

അദ്ദേഹം പലപ്പോഴും സെറ്റിൽ ഈ സാന്ത്വനമെന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്ന് വർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രീയേറ്റീവായി കൊണ്ടുപോവുക എളുപ്പമുളള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല.

അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചുവരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാർ കൈ തന്നിട്ടാണ് ഞാൻ അവിടെ നിന്ന് പിരിയുന്നത്. പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെയൊരു കൂടിക്കാഴ്ച ഇനിയുണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു.. വേദനയോടെ, പ്രാർത്ഥനയോടെ..”, ഗോപിക കുറിച്ചു.