‘വളർത്തിയത് മലയാള സിനിമ, എങ്കിൽ ഇപ്പോൾ താല്പര്യമില്ല..’ – ആരാധകന് അതിന്റെ കാരണം വ്യക്തമാക്കി ഗോപി സുന്ദർ

മലയാള സിനിമയിൽ ഏറെ തിരക്കുള്ള ഒരു സംഗീത സംവിധായകനായിരുന്നു ഗോപി സുന്ദർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോപി സുന്ദറിനെ മലയാള സിനിമയിലെ സംഗീത ലോകത്ത് അധികം കാണാറില്ല. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരാളാണ് ഗോപി സുന്ദർ. എന്നിട്ടും എന്ത് കൊണ്ട് ഇപ്പോൾ മലയാള സിനിമയിൽ കാണുന്നില്ലെന്ന് പ്രേക്ഷകർ പലരും സംശയം ഉന്നയിച്ചിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് പേജിൽ ഗോപി സുന്ദറിന്റെ ഒരു ആരാധകൻ എന്ത് കൊണ്ടാണ് ഇപ്പോൾ മലയാളത്തിൽ ഒന്നും ചെയ്തതെന്ന് ചോദിച്ചിരുന്നു. “ഇന്ന് ചാർളിയിലെ പാട്ട് കേട്ട് കൊണ്ടിരുന്നപ്പോൾ ഞാനും സുഹൃത്തും നിങ്ങളെ കുറിച് സംസാരിച്ചു. എത്രത്തോളം നല്ല പാട്ടുകൾ നിങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് പാട്ടുകൾ. ഇറങ്ങുന്ന സിനിമകൾ എല്ലാം നിങ്ങൾ.. ആ ആൾ ഇപ്പോ ഒന്നും ചെയ്യാതെയായി. എന്താണ് അതിന് കാരണം?

ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട ഗോപി സുന്ദർ അതിന് മറുപടി കൊടുക്കുകയും ചെയ്തു. “ഞാൻ തിരക്കിലാണ്.. തെലുങ്കിലും കന്നഡയിലും സജീവമാവുന്നതിൽ സന്തോഷവാനാണ്. ഒരു സമയത്ത് 12 പ്രൊജെക്ടുകൾ ഞാനിപ്പോൾ ചെയ്യുന്നുണ്ട്. പക്ഷേ മലയാളത്തിൽ അല്ലെന്ന് മാത്രം. നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതൽ ശമ്പളം വേറെയൊരു കമ്പനി തന്നാൽ നിങ്ങൾ എന്ത് ചെയ്യും?”, ഗോപി സുന്ദർ മറുപടി നൽകി.

മലയാളത്തിൽ നിന്ന് തനിക്ക് ലഭിക്കുന്നതിനേക്കാൾ പ്രതിഫലം മറ്റ് ഭാഷകളിൽ നിന്ന് കിട്ടുന്നുണ്ടെന്ന് പറയാതെ പറയുകയാണ് ഗോപി സുന്ദർ. ചിലർ ഗോപിയുടെ നിലപാടിനെ അനുകൂലിച്ചപ്പോൾ എത്രയൊക്കെ ആയാലും വളർത്തിയത് മലയാള സിനിമയല്ലേ, പണത്തിന് ഇത്ര ആർത്തി ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. മലയാള സിനിമയിൽ സംഗീത സംവിധായകർക്ക് വേണ്ടത്ര പ്രതിഫലം നൽകുന്നില്ല എന്ന പരാതി കൂടിയാണ് ഈ കമന്റിലൂടെ ഗോപിസുന്ദർ ഉന്നയിച്ചിരിക്കുന്നത്.