‘പെരുനാൾ മറ്റ് മതക്കാർ ആഘോഷിക്കുന്നില്ല! ഓണവും ക്രിസ്തുമസും മുസ്ലീങ്ങൾ ആഘോഷിക്കാറുണ്ടല്ലോ..’ – ഫിറോസ് ഖാൻ

ഓണവും ക്രിസ്തുമസും പോലെ പെരുനാൾ എന്തുകൊണ്ട് എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്നില്ലെന്ന ചോദ്യവുമായി ബിഗ് ബോസ് താരവും നടനും അവതാരകനുമായ ഫിറോസ് ഖാൻ. മുസ്ലിമുകൾ ഓണവും ക്രിസ്തുമസും ആഘോഷിക്കുന്നുണ്ടെന്നും എന്നാൽ മറ്റു മതസ്ഥർ പെരുനാൾ ആഘോഷിക്കുന്നില്ലെന്നും ഫിറോസ് ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്റെ മതത്തിന്റെ പേരിൽ അവഗണനകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘എല്ലാ ഉത്സവങ്ങളും നമ്മൾ ആഘോഷിക്കാറുണ്ട്. അവിടെയൊരു കാര്യം എനിക്ക് വിചിത്രമായിട്ട് തോന്നിയിട്ടുണ്ട്. ഓണം ഞാൻ ആഘോഷിക്കാറുണ്ട്, ക്രിസ്തുമസ് ഞാൻ ആഘോഷിക്കാറുണ്ട്. ഒരുവിധം എല്ലാ മുസ്ലിമുകളും ഇത് ചെയ്യാറുണ്ട്. എല്ലാവരും ഒരുമിച്ച് ഇത് ആഘോഷിക്കാറുണ്ട്. ഞാൻ അപ്പോഴും ആലോചിക്കാറുള്ളത്. പെരുനാൾ വേറെയാരും ആഘോഷിക്കുന്നില്ല. അതെന്താണ്! അതൊരു ചോദ്യമാണ്.

എന്റെ വീട്ടിലൊക്കെ ഓണത്തിന് ഊഞ്ഞാലിടാറുണ്ട്. അടിപൊളി സദ്യ വെക്കാറുണ്ട്. ഞാൻ ആലോചിക്കുന്നത് ഒരു പെരുന്നാളിന് പോലും വേറെയൊരു മതത്തിലുള്ളവരും ആഘോഷിക്കുന്നില്ല. എനിക്ക് അത് വലിയ വിഷമമുള്ള ഒരു കാര്യമാണ്. അതുകൂടി ആഘോഷിക്കണമെന്നാണ് എന്റെയൊരു ഇത്. അതോടെ ആഘോഷിച്ചാൽ ഒരു ഫെസ്റ്റിവലിന് കൂടെയുള്ള സമയമല്ലേ നമ്മുക്ക് ലഭിക്കാറുള്ളത്. എൻജോയ് ചെയ്യാൻ പറ്റുന്നൊരു സമയമല്ല കിട്ടുന്നത്.

അത് എനിക്ക് പലപ്പോഴും ഒരു വിഷമമായിട്ട് തോന്നിയിട്ടുണ്ട്. ലോകം മുഴുവനും തലകീഴായി പൊക്കോണ്ടിരിക്കുകയാണല്ലോ. സിനിമയിലും സീരിയലിലും വരെ ജാതിയും മതവുമുണ്ട്. ഇതൊക്കെ നമ്മൾ അനുഭവിക്കുന്നതാണ്. ഒരു ചാനലിന്റെ തലപ്പത്തിരിക്കുന്ന ഒരു ഡയറക്ടർ ഞാൻ ഈ മതക്കാരനാണെന്ന് അറിഞ്ഞിട്ട് എന്നെ മാറ്റിയിട്ടുണ്ട്. തലതിരിഞ്ഞ ലോകത്തൂടെ ഞാൻ നേരെ നടക്കുന്നതുകൊണ്ടാണോ എന്നും എനിക്ക് അറിയില്ല..”, ഫിറോസ് ഖാൻ പറഞ്ഞു.