‘ദുർഗയ്ക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ചെയ്യാൻ പൂർണ പിന്തുണ, അവരോട് പുച്ഛം മാത്രം..’ – പ്രതികരിച്ച് ഭർത്താവ് അർജുൻ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് ദുർഗ കൃഷ്ണ. നടിയും നർത്തകിയുമായ ദുർഗ ഇതിനോടകം ഒരുപിടി നല്ല മലയാള സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട്. ദുർഗ നായികയാവുന്ന ഏറ്റവും പുതിയ സിനിമയുടെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന കുടുക്ക് 2025-ന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്.

ട്രെയിലറിൽ ദുർഗയുടെയും കൃഷ്ണ ശങ്കറിന്റെയും ഒരു ലിപ് ലോക്ക് രംഗവും ഉൾപ്പെടുത്തിയിരുന്നു. ഇത് കണ്ട് ചില സദാചാര ആങ്ങളമാരും കുലസ്ത്രീകളും വളരെ മോശമായ കമന്റുകൾ വാർത്തകളുടെ താഴെയും യൂട്യൂബിൽ ട്രെയിലറിന് താഴെയും ഇട്ടുകൊണ്ടേയിരുന്നു. ഇതിന് എതിരെ സിനിമയുടെ സംവിധായകനായ ബിലഹരി വളരെ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു. ദുർഗയുടെ കുടുംബത്തിനും ഭർത്താവിനും എതിരെ വരെ ചില കമന്റുകൾ വന്നിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ദുർഗയുടെ വിവാഹം. ബിസിനസുകാരനും നിർമ്മാതാവുമായ അർജുൻ രവീന്ദ്രനാണ് താരത്തിന് ഭർത്താവ്. ദുർഗയ്ക്ക് എതിരെയുള്ള ഈ മോശം കമന്റുകൾക്ക് എതിരെ ഇപ്പോൾ ഭർത്താവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അർജുന്റെ പ്രതികരണം. ദുർഗയ്ക്കും ഭർത്താവിനും പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ദുർഗയ്ക്ക് ഇഷ്ടമുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യാൻ തന്റെ പരിപൂർണ പിന്തുണയുണ്ടെന്ന് അർജുൻ കുറിച്ചു.

തന്റെയും തന്റെ കുടുംബത്തിന്റെയും ഭാഗത്ത് നിന്നും തുടർന്നും ഉണ്ടാകുമെന്നും അർജുൻ അറിയിച്ചു. ഇത് കൂടാതെ കമന്റ് ഇട്ടവർക്ക് എതിരെ പ്രതികരിക്കുകയും ചെയ്തു. തന്റെയും ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമയാണെന്നും ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ ലഭിക്കുന്ന കഥാപാത്രങ്ങളോട് ഉത്തരവാദിത്വമുള്ളത് കൊണ്ടും സിനിമ വേറെ ജീവിതം വേറെയെന്ന് മനസ്സിലാക്കാനുള്ള കോമൺസെൻസ് ഉണ്ടെന്നും അർജുൻ പ്രതികരിച്ചു.

കേവലം ഒരു ലിപ് ലോക്കിന്റെ പേരിൽ തന്റെ നട്ടെലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യന്മാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛംമാത്രം മറുപടിയായി നൽകുന്നുവെന്നും അർജുൻ കുറിച്ചു. അതിന്റെ പേരിൽ ദുർഗയ്ക്ക് മാനസികമായി വിഷമമുണ്ടെങ്കിലും നിങ്ങളുടെ മനസ്സിൽ നിന്ന് വരുന്ന ദുർഗന്ധം തന്നെയും കുടുംബത്തെയും ഒരു വിധത്തിലും ബാധിക്കില്ലെന്നും അർജുൻ കൂട്ടിച്ചേർത്തു. ഇത്തരക്കാർ ഒന്നും മറുപടി അർഹിക്കുന്നില്ല എന്നാണ് പിന്തുണ അറിയിച്ചുകൊണ്ട് പലരും അഭിപ്രായപ്പെട്ടത്.