‘ഇതൊക്കെയാണ് ലൈഫ്! ബിഎംഡബ്ല്യൂവിന്റെ അത്യാഢംബര കാർ സ്വന്തമാക്കി ദുൽഖർ..’ – വില കേട്ടാൽ ഞെട്ടും

ആഡംബര വാഹനങ്ങളോടുള്ള പ്രേമം ബോളിവുഡ് സിനിമ, ക്രിക്കറ്റ് താരങ്ങൾക്ക് മാത്രമല്ല, മലയാള സിനിമയിലെ താരങ്ങൾക്കും ഇത്തരം താല്പര്യങ്ങളുണ്ട്. അതിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്നവരാണ് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനും. മറ്റ് ഏത് താരങ്ങളെക്കാളും ആഡംബര വാഹനങ്ങൾ മമ്മൂട്ടിയുടേയും ദുൽഖറിനെയും ഗാരേജിൽ ഉണ്ടെന്നതാണ് സത്യം.

വാഹനപ്രേമത്തിന്റെ കാര്യത്തിൽ വാപ്പച്ചിയെക്കാൾ മുന്നിൽ സഞ്ചരിക്കുകയാണ് ദുൽഖർ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദുൽഖർ സൽമാൻ ബിഎംഡബ്ല്യൂവിന്റെ അത്യാഢംബര വാഹനം സ്വന്തമാക്കി എന്നുള്ളത്. ബിഎംഡബ്ല്യൂവിന്റെ 7 സീരിസിലെ 740ഐ മോഡൽ കാറാണ് ദുൽഖർ ഈ തവണ സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യൂവിന്റെ അത്യാഢംബര സെഡാൻ മോഡൽ കാറാണ് ഇത്.

2023 പതിപ്പായ സെവൻ സീരിസിന്റെ ഈ കാറിന്റെ ഷോറൂം വില എന്ന് പറയുന്നത് തന്നെ 1.70 കോടി രൂപയാണ്. പുതിയ വാഹനത്തിന്റെ നമ്പറും 369 വിട്ട് കളിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഈ വാഹനത്തിന്റെ ഓൺ റോഡ് വില എന്ന് പറയുന്നത് ഏകദേശം രണ്ടേകാൽ കോടി രൂപയോളം വരും. 2998 സിസി പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. ചെന്നൈ ആര്‍ടിഒയിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

8 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കെ.മി സ്പീഡിലേക്ക് എത്താൻ വെറും 4.7 സെക്കൻഡ്സ് മാത്രമാണ് എടുക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് മമ്മൂട്ടി ബെന്‍സിന്റെ എഎംജി എ45 എസ് മോഡൽ കാർ വാങ്ങിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മകൻ മറ്റൊരു ആഡംബര കാർ കൂടി തങ്ങളുടെ ഗാരേജിലേക്ക് എത്തിക്കുന്നത്. ഇതൊക്കെയാണ് ജീവിതമെന്നാണ് ആരാധകർ പോസ്റ്റിന് താഴെ ഇട്ടിരിക്കുന്ന കമന്റ്.