‘ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാനായി ഇരിക്കാൻ താങ്കൾക്ക് യോഗ്യതയുണ്ടോ..’ – രഞ്ജിത്തിന് എതിരെ ഡോ. ബിജു

സിനിമയിലുള്ള സഹപ്രവർത്തകർക്ക് എതിരെ വളരെ മോശം രീതിയിൽ ഈ കഴിഞ്ഞ ദിവസം സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്ത് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഭീമൻ രഘുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തമാശയായി എടുത്തെങ്കിലും സുഹൃത്തായ മോഹൻലാലിന് എതിരെയും അതുപോലെ തന്നെ സംവിധായകനായ ഡോ ബിജുവിന് എതിരെയും അദ്ദേഹം സംസാരിച്ചിരുന്നു. മോഹൻലാലിൻറെ തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷ വളരെ ബോർ ആണെന്ന് അദ്ദേഹം പറഞ്ഞു.

ഇതുപോലെ തന്നെ സംവിധായകൻ ഡോ. ബിജുവിന് എതിരെയും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമ ഈ അടുത്തിടെ ഇറങ്ങിയെന്നും അതിന് തിയേറ്ററിൽ ആളുകൾ ഇല്ലെന്നുമാണ് തിയറ്ററിൽ ആളുകൾ കയറാത്ത സിനിമ ഒക്കെ എടുക്കുന്ന ഡോക്ടർ ബിജുവിന് ഒക്കെ എന്താണ് റെലവൻസ് എന്നുമൊക്കെ അദ്ദേഹം ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് എതിരെ ഇപ്പോൾ ഡോ. ബിജു തന്നെ രംഗത്ത് വന്നിരിക്കുകയാണ്. രഞ്ജിത്ത് എന്താണ് അഭിമുഖത്തിൽ പറഞ്ഞതെന്നും ഡോ.ബിജു പോസ്റ്റിൽ ആദ്യം സൂചിപ്പിച്ച ശേഷമാണ് മറുപടി കൊടുത്തത്.

“ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ.. തിയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്ത് ഒരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്രമേളയിൽപോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്രമേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിന് അപ്പുറം സിനിമയുടെ ഫോമിനെ പറ്റിയുമൊക്കെ പറയുന്നത് വ്യർത്ഥമായതുകൊണ്ട് അതിനും മുതിരുന്നില്ല.

നെറ്റ്ഫ്ലിക്സ് ഉയർന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമ. ധാരാളം ആളുകൾ കണ്ടു കഴിഞ്ഞിട്ടുമുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയത് കൊണ്ടാണല്ലോ ആ ലോകസിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത്. അല്ലാതെ ആ സിനിമകൾ അവിടങ്ങളിൽ തിയറ്ററുകളിൽ ആളെകൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചുകൊണ്ട് വന്നുകാണിച്ചത്. അതുപോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങളാണല്ലോ കേരള സർക്കാരിന്റെ ചലച്ചിത്രമേളയുടെ ചെയർമാനായി ഇരിക്കുന്നത് എന്നോർക്കുമ്പോൾ എനിക്ക് ലജ്ജതോന്നുന്നുണ്ട്.

എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാലോകമുണ്ടെന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കൈയിൽവെച്ചാൽ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ്. ഒരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ചെയർമാനായി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ..”, ഡോ. ബിജുവിന്റെ പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ.