‘ഒഫീഷ്യലി ആരതി ഇനി എന്റെ പെണ്ണാണ്!! അവളെ ഉപദ്രവിച്ചാൽ മൂക്കാമണ്ട അടിച്ചു കറക്കും..’ – ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസിലൂടെ ഒരുപാട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയ ഒരാളാണ് റോബിൻ. നാലാം സീസണിലെ മത്സരാർത്ഥിയായ റോബിൻ അതിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ ശേഷം വലിയ രീതിയിലുള്ള ജനപിന്തുണയാണ് റോബിൻ ലഭിച്ചിരുന്നത്.

ഈ കഴിഞ്ഞ ദിവസമായിരുന്നു റോബിന്റെയും കാമുകിയായ ആരതി പൊടിയുടെയും വിവാഹ നിശ്ചയം. ഷോയിൽ ഉണ്ടായിരിക്കുമ്പോൾ സഹമത്സരാർത്ഥിയായ ദിൽഷയെ പ്രൊപ്പോസ് ചെയ്ത വ്യക്തിയാണ് റോബിൻ. ദിൽഷ പക്ഷേ ആ രീതിയിൽ കണ്ടിരുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും റോബിൻ അതുമായി മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും ദിൽഷ താല്പര്യമില്ലെന്ന് പറഞ്ഞിരുന്നു.

റോബിൻ അങ്ങനെയാണ് ആരതിയുമായി പ്രണയത്തിലാവുന്നത്. ആരതി സ്വന്തമായി ഒരു ബിസിനെസ് സംരംഭം നടത്തുന്ന ഒരാളാണ്. കോസ്റ്റിയൂം ഡിസൈനറായ ആരതി താൻ സ്വന്തമായി ഡിസൈൻ ചെയ്ത കോസ്റ്റിയൂമിലാണ് വിവാഹ നിശ്ചയത്തിന് എത്തിയിരുന്നത്. എന്നാൽ മറ്റൊരു ഡിസൈനിംഗ് ബൗട്ടിക്ക് ഇത് തങ്ങളുടെ ഡിസൈൻ കോപ്പി അടിച്ചതാണെന്ന് അവകാശവാദം ഉന്നയിച്ച് വന്നിരുന്നു.

ബിഗ് ബോസിലെ റോബിന്റെ എതിരാളി ഇത് ഏറ്റെടുത്ത് വലിയ വിവാദമാക്കി. ആരതി തന്നെ എന്നാൽ ഇതിനെതിരെ രംഗത്ത് വന്നു. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആരതി. അതെ സമയം ആരതിക്ക് പിന്തുണ അറിയിച്ചുകൊണ്ട് റോബിൻ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്. “ഒഫീഷ്യലി ‘ആരതി പൊടി’ ഇപ്പോൾ എന്റെ പെണ്ണാണ്.

ചുറ്റും നടക്കുന്നതെല്ലാം ഞാൻ ശ്രദ്ധിക്കുന്നു. ഞാനിപ്പോൾ മൗനം പാലിക്കുന്നു. ഇനി ആരെങ്കിലും മനപ്പൂർവം എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ മുക്കാംമണ്ട അടിച്ചു ഞാൻ കറക്കും. ഞാൻ അത് ചെയ്തിരിക്കും. അതിനാൽ ജാഗ്രത പാലിക്കുക. ഇതൊരു മുന്നറിയിപ്പായി കരുതുക..”, റോബിൻ കുറിച്ചു. കലിപ്പൻ തന്നെ എന്നാണ് പോസ്റ്റിന് താഴെ ചിലർ കളിയാക്കി കമന്റുകൾ ഇട്ടിരിക്കുന്നത്.