‘ഹനീഫിക്കയുമായി ഒരു സഹോദരനെ പോലെയുള്ള സ്നേഹ ബന്ധം..’ – വേർപാടിന്റെ വേദന പങ്കുവച്ച് നടൻ ദിലീപ്

സിനിമ, സീരിയൽ, മിമിക്രി താരമായിരുന്നു കലാഭവൻ ഹനീഫിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ ദിലീപ്. ദിലീപിന്റെ സിനിമകളിൽ പലതിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുള്ള ഒരാളായിരുന്നു ഹനീഫ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരുന്ന ഹനീഫ് ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഹനീഫിന്റെ വേർപ്പാടിൽ ദിലീപ് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചത്.

“ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെ പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയും ആയിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം.. പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട..”, ദിലീപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഹനീഫിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. മോഹൻലാലും മമ്മൂട്ടിയും തുടങ്ങിയ താരങ്ങളും ഹനീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നു.

എങ്കിലും ദിലീപുമായിട്ടാണ് ഹനീഫിന് കൂടുതൽ ആത്മബന്ധമുള്ളത്. ദിലീപ് നായകനായ ഈ പറക്കും തളികയിലെ മണവാളന്റെ വേഷം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് ഹനീഫ് അത് അവതരിപ്പിച്ച രീതി കൊണ്ടുകൂടിയാണ്. ദിലീപിന്റെ തന്നെ ഗ്രാമഫോൺ, കുഞ്ഞിക്കൂനൻ, സിഐഡി മൂസ, പാണ്ടിപ്പട, പച്ചക്കുതിര, സൗണ്ട് തോമ, നാടോടി മന്നൻ, ജോർജേട്ടൻസ് പൂരം, റിംഗ് മാസ്റ്റർ തുടങ്ങിയ നിരവധി സിനിമകളിൽ ഹനീഫ് വേഷം ചെയ്തിട്ടുണ്ട്.

ദിലീപിന്റെ ഒരു ഭാഗ്യ താരമായി തന്നെ ഹനീഫിനെ കാണേണ്ടി വരും. കലാഭവനിൽ മിമിക്രി ചെയ്തിരുന്ന കാലം മുതൽ ഹനീഫും ദിലീപും പരിചയക്കാരാണ്. ഇരുനൂറോളം സിനിമകളിൽ ഹനീഫ് ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ ജലധാര പമ്പ് സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. വാഹിദയാണ് ഭാര്യ. ഷാരൂഖ്, സിത്താര എന്നീ പേരുകളിൽ രണ്ട് മക്കളുമുണ്ട്.