‘വളരെ സ്പെഷ്യൽ ദീപാവലി സമ്മാനം, മധു അപ്പൂപ്പൻ! നേരിൽ കണ്ട സന്തോഷം പങ്കുവച്ച് ദേവ നന്ദാ..’ – ഫോട്ടോസ് വൈറൽ

ഉണ്ണി മുകുന്ദൻ നായകനായി എത്തി തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ ഒരു ചിത്രമായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ സിനിമ ജീവിതത്തിൽ ആദ്യത്തെ 50 കോടി സിനിമ കൂടിയാണ് ഇത്. 2022 അവസാനമാണ് സിനിമ റിലീസ് ചെയ്തത്. ആ സിനിമ കൊണ്ട് ഉണ്ണി മുകുന്ദന് മാത്രമല്ല നേട്ടമുണ്ടായത്. അതിൽ ബാലതാരമായി അഭിനയിച്ച ദേവ നന്ദയെന്ന കൊച്ചുകുട്ടിക്കും ഒരുപാട് ആരാധകരെ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി.

ദേവ നന്ദ അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ തന്നെ മുന്നോട്ട് പോകുന്നത്. അതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ ഒരാളാണ് ദേവ നന്ദ. 2019-ൽ ഇറങ്ങിയ തൊട്ടപ്പൻ എന്ന ചിത്രത്തിലാണ് ദേവ നന്ദ ആദ്യമായി അഭിനയിക്കുന്നത്. മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട്, ഹെവൻ, സൈമൺ ഡാനിയേൽ, ദി ടീച്ചർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ശേഷമാണ് മാളികപ്പുറത്തിലേക്ക് വരുന്നത്.

മാളികപ്പുറത്തിന് ശേഷം 2018, നെയ്മർ, സാൽമോൻ 3 ഡി, സോമന്റെ കൃതാവ് തുടങ്ങിയ സിനിമകളിൽ ദേവ നന്ദ അഭിനയിച്ചിട്ടുമുണ്ട്. ഗു എന്ന സിനിമയാണ് ഇനി ദേവ നന്ദയുടെ പുറത്തിറങ്ങാനുള്ളത്. സിനിമയ്ക്ക് പുറത്ത് ദേവ നന്ദ ഉദ്‌ഘാടനങ്ങളിലും അമ്പലങ്ങളിൽ ഉത്സവാഘോഷങ്ങളിലും ക്ഷേത്ര പരിപാടികളിലും ഒക്കെ മാളികപ്പുറം സിനിമയ്ക്ക് ശേഷം സ്ഥിരമായി കാണാറുണ്ട്. അതുപോലെ വിദേശത്തും പ്രോഗ്രാമുകളുണ്ട്.

ഈ അടുത്തിടെയും ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഒരു സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കാൻ ദേവനന്ദ പോയിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ദീപാവലി ദിനത്തിൽ മലയാളത്തിന്റെ മഹാനടനായ മധുവിന്റെ വീട്ടിൽ പോയി കണ്ടതിന്റെ ചിത്രങ്ങൾ ദേവാനന്ദയുടെ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ്. “വളരെ സ്പെഷ്യൽ ദീപാവലി സമ്മാനം, മധു അപ്പൂപ്പൻ..”, എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.