‘അയർലന്‍ഡിൽ വച്ച് ജയിലർ കണ്ട് സഞ്ജു സാംസൺ, പ്രതേക അതിഥിയായി താരം..’ – ഏറ്റെടുത്ത് ആരാധകർ

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ജയിലർ ആവേശം ഇപ്പോഴും തിയേറ്ററുകളിൽ തുടരുകയാണ്. 540 കോടിയിൽ അധികമാണ് ആഗോള തലത്തിൽ സിനിമ ഇതിനോടകം നേടി കഴിഞ്ഞിട്ടുള്ളത്. കേരളത്തിൽ ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും വലിയ കലക്ഷനും ജയിലർ സ്വന്തമാക്കിയിട്ടുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയ ഒരാളാണ് ക്രിക്കറ്റ് താരമായ സഞ്ജു വി സാംസൺ.

പല അഭിമുഖങ്ങളിലും സഞ്ജു ഇത് പറഞ്ഞിട്ടുണ്ട്. സഞ്ജുവിനെ നേരിട്ട് രജനികാന്ത് തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രജനിയുടെ വീട്ടിൽ പോയി കണ്ട് അദ്ദേഹത്തിന് ഒപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ സഞ്ജു പങ്കുവച്ചിട്ടുണ്ടായിരുന്നു. ജയിലറിന്റെ റിലീസ് സമയത്ത് അയർലണ്ട് ടി20 സീരിസിന്റെ ഭാഗമായി ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു ഇപ്പോൾ അവിടെയാണ് ഉള്ളത്.

ഇപ്പോഴിതാ അയർലന്‍ഡിൽ വച്ച് സഞ്ജു സാംസൺ ജയിലർ കണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിൽ കമന്റേറ്റർ പറഞ്ഞിരിക്കുന്നത്. പ്രദർശനത്തിൽ പ്രതേക അതിഥി സഞ്ജു എത്തുകയും തന്റെ ഇഷ്ടനടന്റെ ചിത്രം കാണുകയും ചെയ്തതെന്ന് കമന്ററിയിൽ പറയുന്നുണ്ട്. കമന്‍റേറ്റര്‍ നീൽ ഒബ്രിയാനാണ് ഇക്കാര്യം അറിയിച്ചത്. നീലിന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലുമാണ്.

അയർലന്‍ഡിൽ നടക്കുന്ന സീരിസിൽ ആദ്യ മത്സരത്തിൽ സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയ സമയത്താണ് മഴ കളി തടസപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ സഞ്ജു ഇന്ത്യ 34-2 എന്ന് നിൽക്കുമ്പോൾ ക്രീസിൽ എത്തുകയും 40 റൺസ് എടുത്ത് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകിയ ശേഷമാണ് മടങ്ങിയത്. മത്സരത്തിൽ ഇന്ത്യ 33 റൺസിന് അയർലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. അരങ്ങേറ്റക്കാരനായ റിങ്കു സിംഗ് ആയിരുന്നു കളിയിലെ താരം.