മലയാളം, കന്നഡ സിനിമകളിൽ നിറഞ്ഞ് നിന്ന ഒരു താരമായിരുന്നു നടി ചിപ്പി. തിരുവനന്തപുരം സ്വദേശിനിയായ ചിപ്പി 1993-ൽ പുറത്തിറങ്ങിയ സോപാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി. പാഥേയം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ശേഷമാണ് ചിപ്പി കൂടുതൽ ശ്രദ്ധനേടിയത്. പിന്നീട് നിരവധി സിനിമകളിൽ ചിപ്പി നായികയായും സഹനടിയായും അഭിനയിച്ചു.
വിവാഹിതയായ ശേഷം ചിപ്പി സിനിമയിൽ നിന്ന് വിട്ടുനിന്നു. എങ്കിലും അഭിനയത്തോടുള്ള ഇഷ്ടം ചിപ്പി വിട്ടില്ല. ടെലിവിഷൻ സീരിയലുകളിൽ ചിപ്പി തന്റെ കഴിവ് പുറത്തെടുക്കുകയും പ്രേക്ഷകരുടെ പ്രീതി നേടുകയും ചെയ്തു. സൂര്യ ടിവിയിലെ സ്ത്രീ ജന്മം ആണ് ആദ്യ സീരിയൽ. ഇപ്പോൾ ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായ ശ്രീദേവിയെ അവതരിപ്പിക്കുകയാണ് ചിപ്പി.
സീരിയലുകളിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് ചിപ്പിയെ വിശേഷിപ്പിക്കേണ്ടി വരും. ഇരുപത് വർഷമായി ടെലിവിഷൻ രംഗത്ത് അതും പ്രധാന റോളുകളിൽ അഭിനയിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമായ ഒരു കാര്യമല്ല. സീരിയൽ നിർമ്മാതാവായും ചിപ്പി തിളങ്ങിയിട്ടുണ്ട്. ചിപ്പി എന്ന് പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മറ്റൊരു കാര്യമാണ് ആറ്റുകാൽ പൊങ്കാല. സ്ഥിരമായി ഇടാറുള്ള ഒരാളാണ് ചിപ്പി.
ഇന്ന് ചിപ്പി തന്റെ നാല്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തിൽ തനിക്ക് ആശംസകൾ നേർന്ന് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ ചിപ്പി ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലെ സാരിയിൽ സുന്ദരിയായി തിളങ്ങിയ ചിപ്പിയെ ചിത്രങ്ങളിൽ കാണാം.അയ്യപ്പൻ സജയൻ ആണ് ഫോട്ടോസ് എടുത്തത്. നിർമ്മാതാവായ എം രഞ്ജിത്ത് ആണ് ചിപ്പിയുടെ ഭർത്താവ്. അവന്തിക എന്ന പേരിൽ ഒരു മകളുമുണ്ട്.