December 11, 2023

‘ബ്രഹ്മപുരം വിഷയം!! സൂപ്പർസ്റ്റാറുകളും വോട്ട് ക്യാമ്പയിൻ നടത്തിയ കൊച്ചിയിലെ സിനിമ ടീമും എവിടെ..’ – ചോദ്യവുമായി മലയാളികൾ

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീ പടർന്ന് അതിന്റെ പുക കൊച്ചിയിലെ ഒട്ടുമിക്ക നഗരങ്ങളിലും വലിയ രീതിയിൽ വ്യാപിക്കുകയും അവിടെയുള്ള ജനങ്ങൾ കഴിഞ്ഞ പത്ത് ദിവസമായി ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുകയാണ്. പ്ലാന്റിലെ പല ഭാഗത്ത് നിന്നും ഇപ്പോഴും പുക ഉയരുകയാണ്. തീ അണയ്ക്കാൻ ആദ്യ 2-3 ദിനങ്ങൾ കൊണ്ട് തന്നെ സാധിച്ചിരുന്നെങ്കിലും പുക ഉയരുന്നത് തടയാൻ ഇതുവരെ പറ്റിയിട്ടില്ല.

ഇത്രയും ദിവസമായി ജനങ്ങൾ ബുദ്ധിമുട്ടിയും കേരളത്തിൽ പല സാംസ്കാരിക നായകന്മാരും മൗനത്തിൽ ആണെന്നത് മലയാളികളെ ഒന്നടങ്കം അമ്പരിപ്പിച്ചിരിക്കുകയാണ്. പലരും ബ്രഹ്മപുരം വിഷയത്തെ കുറിച്ച് യാതൊന്നും ഇതുവരെ മിണ്ടിയിട്ടുപോലുമില്ല. സാംസ്കാരിക നായകർ മാത്രമല്ല മലയാള സിനിമ വ്യവസായത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന സ്ഥലമാണ് കൊച്ചി ഇന്ന്. എന്നിട്ടും സിനിമ മേഖലയിലുള്ള പലരും ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളും താരങ്ങളും സിനിമ പ്രവർത്തകരുമൊക്കെ എവിടെ എന്നാണ് കൊച്ചി നിവാസികളും ജനങ്ങളും ചോദിക്കുന്നത്. എട്ട് ദിവസങ്ങൾ പിന്നിട്ട ശേഷമാണ് ചിലർ പ്രതികരിച്ചത്. ആ കൂട്ടത്തിൽ നടൻ വിനയ് ഫോർട്ട് “എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല” എന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചു. നടന്മാരായ ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് എന്നിവർ മുൻകരുതൽ നടപടികളും സ്വീകരിച്ച് സുരക്ഷിതരായി ഇരിക്കുക എന്ന കരുതൽ പോസ്റ്റും ഇട്ടിട്ടുണ്ട്.

മലയാള സിനിമയിലെ മഹാനടന്മാരായ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും ഇതുവരെ ഈ വിഷയത്തെ സംബന്ധിച്ച് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ക്യാമ്പയിൻ നടത്തിയ കൊച്ചിയിലെ ചില പ്രമുഖ സിനിമ പ്രവർത്തകരും ഈ വിഷയത്തെ കുറിച്ച് വാ തുറന്നിട്ടില്ല. ഇവരും ഒട്ടുമിക്ക സൂപ്പർ താരങ്ങളും താമസിക്കുന്നത് ഇതേ കൊച്ചിയിൽ തന്നെയാണെന്നും ശ്രദ്ധേയമാണ്.