February 29, 2024

‘വോട്ടിംഗ് വെറും പ്രഹസനമോ? ബിഗ് ബോസിൽ നിന്ന് ഡോക്ടർ റോബിനെ പുറത്താക്കി?’ – ഞെട്ടലോടെ പ്രേക്ഷകർ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയൽ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ ഈ തവണ മത്സരാർത്ഥികൾ തമ്മിൽ ഗെയിം സ്പിരിറ്റ് തീരെയില്ലാതെയായിരുന്നു തുടക്കം മുതൽ കളിച്ചിരുന്നത്. ഷോ തുടങ്ങി ഒരാഴ്ച കഴിയുമ്പോൾ തന്നെ ആരാധകരെ ഒരുപാട് ലഭിച്ച ഒരു മത്സരാർത്ഥി ആയിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.

65-ൽ അധികം ദിവസങ്ങൾ ഇതിനോടകം പിന്നിട്ട് കഴിഞ്ഞ ബിഗ് ബോസിൽ കഴിഞ്ഞ ആഴ്ച വളരെ നാടകീയമായ രംഗങ്ങളാണ് നടന്നിരുന്നത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലിം വന്നപ്പോൾ മുതൽ തന്നെ ഷോയുടെ ഗതിമാറിയിരുന്നു. അതിന് ശേഷം മിക്ക ദിവസങ്ങളിലും വഴക്കുകളും തർക്കങ്ങളും ഉണ്ടാവാറുണ്ടായിരുന്നു. വഴക്കുകൾ കൂടുതൽ ഉണ്ടായത് റോബിനും റിയാസ്-ജാസ്മിൻ കൂട്ടുകെട്ട് തമ്മിലുമായിരുന്നു.

ഈ ആഴ്ചയിൽ നടന്ന വീക്കിലി ടാസ്‌കായ ബിഗ് ബോസ് സാമ്രാജ്യത്തിൽ റിയാസിനെ രാജാവായും ധന്യ, ദിൽഷാ എന്നിവരെ രഞ്ജിമാരായും നിയമിച്ചിരുന്നു. സർവ്വാധികാരമുള്ള രാജാവായിരുന്നു റിയാസ്. മറ്റു മത്സരാർത്ഥികൾ റിയാസ് പറയുന്നത് പോലെയാകുന്ന ചെയ്യാനും നിയമം ഉണ്ടായിരുന്നു. റിയാസിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ലോക്കറ്റ് റോബിൻ തന്ത്രപരമായി തട്ടിയെടുക്കുകയും ബാത്റൂമിലേക്ക് ഓടിക്കയറി കതക് അടക്കുകയും ചെയ്തിരുന്നു. അവിടെ നിന്നുമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

റിയാസും മറ്റു കുടുംബാംഗങ്ങളും ബാത്റൂമിന്റെ വെളിയിൽ എത്തി. ഈ സമയം ജാസ്മിൻ റോബിനെ പുറത്തിറക്കാൻ ബാത്റൂമിലേക്ക് സ്പ്രൈ അടിക്കുകയും ചെയ്തു. ശ്വാസം കിട്ടാതെ പുറത്തിറങ്ങിയ റോബിന്റെ ദേഹം പരിശോധിക്കാൻ തുടങ്ങിയപ്പോൾ കൈ തട്ടിമാറ്റുകയും അത് റിയാസിന്റെ കഴുത്തിൽ അടിയായി കൊള്ളുകയും ചെയ്തിരുന്നു. ഇതിന് എതിരെ ജാസ്മിനും റിയാസും മറ്റ് 2-3 മത്സരാർത്ഥികൾ പ്രതികരിച്ചു. റോബിൻ ഷോയിൽ നിന്ന് പുറത്താക്കാനുള്ള തെറ്റാണ് ചെയ്തതെന്ന് പറഞ്ഞു.

പിന്നീട് സ്വീകരണമുറിയിൽ എല്ലാവരെയും വിളിച്ചിരുത്തുകയും റോബിനോട് ബിഗ് ബോസ് റൂൾസ് തെറ്റിച്ചതുകൊണ്ട് കൺസെഷൻ റൂം വഴി എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരാനും ആവശ്യപ്പെട്ടു. ജാസ്മിനും തെറ്റ് ചെയ്‌തെന്ന് പറഞ്ഞ ബിഗ് ബോസ് വാണിംഗ് കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ റോബിനെ സീക്രെട്ട് റൂമിലേക്കാണ് വിട്ടത്. ശനിയാഴ്ച മോഹൻലാൽ വരുമ്പോൾ മാത്രമേ അറിയുകയുള്ളൂ റോബിൻ എന്താണ് സംഭവിക്കുക എന്നതെന്നും ബിഗ് ബോസ് വ്യക്തമാക്കി.

ഇതിനിടയിൽ ഈ കഴിഞ്ഞ ദിവസം ജാസ്മിൻ ബിഗ് ബോസിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. റോബിനെ തിരിച്ചുകൊണ്ടുവരുന്നെന്ന് മനസ്സിലാക്കിയാണ് ഇതെന്ന് ജാസ്മിൻ പറയുന്നുണ്ട്. മറ്റു കുടുംബങ്ങളോട് എന്താണ് കാരണമെന്ന് പറയാതെ തന്നെ ജാസ്മിൻ എല്ലാവരോടും യാത്ര പറഞ്ഞ് ഷോയിൽ നിന്ന് പിന്മാറി. റോബിനെ തിരിച്ചുകൊണ്ടുവരണമെന്ന് പ്രേക്ഷകരുടെ അഭിപ്രായമെങ്കിലും നിയമം തെറ്റിച്ച മത്സരാർത്ഥിയെ തിരികെ എടുക്കാൻ സാധ്യതയില്ല.

ഇപ്പോഴിതാ റോബിൻ രാധാകൃഷ്ണനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയെന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാതെയാണ് ഈ തീരുമാനമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഷോയിൽ നിന്ന് പിന്മാറിയ ജാസ്മിനും റോബിൻ പുറത്തായതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്. പ്രേക്ഷകരുടെ വോട്ടിംഗ് പിന്നെ എന്തിനാണ് വച്ചതെന്നാണ് ചോദ്യമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.