സിനിമ, സീരിയൽ താരമായ ടി.എസ് രാജുവിനെ കുറിച്ചുള്ള വ്യാജ മരണവാർത്ത ഈ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചത്. അജു വർഗീസ് ഉൾപ്പടെയുള്ള നടന്മാരെ സത്യാവസ്ഥ അറിയാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നീട് ടി.എസ് രാജു തന്നെ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ വരികയും ചെയ്തിരുന്നു.
യാഥാർഥ്യം മനസ്സിലാക്കിയ അജു വർഗീസ് ടി.എസ് രാജുവിനെ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇത്തരം വാർത്തകൾ ഇത് ആദ്യമായിട്ടല്ല, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സിനിമയിലും സീരിയലുകളിലും ഒക്കെ അഭിനയിക്കുന്ന താരങ്ങളെ ഇതിന് മുമ്പും മരിച്ചെന്ന് പറഞ്ഞ് പ്രചരിച്ചിട്ടുണ്ട്. എങ്ങനെയാണ്, ആരാണ് ഇത്തരം വാർത്തകൾ ആദ്യം പ്രചരിപ്പിക്കുന്നതും പലപ്പോഴും വ്യക്തമായിട്ടില്ല.
ഇപ്പോഴിതാ നടൻ ഭീമൻ രഘു ഇതിന് എതിരെ പ്രതികരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയെ കുറിച്ചുള്ള വിമർശനമാണ് ഭീമൻ രഘു രേഖപ്പെടുത്തിയത്. “ഈ പുതിയ ലോകത്ത് സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് രണ്ട് മരണങ്ങൾ ഉണ്ട്.. 1, സോഷ്യൽ മീഡിയ മരണം. 2, യഥാർത്ഥ മരണം!! ജീവിച്ചിരിക്കുന്നവരെ ജീവനോടെ കൊ ന്നിട്ട് ആനന്ദം കണ്ടെത്തുന്ന കഴുകൻമാരുടെ ലോകം.. അവരുടെ ഇരകൾ എന്നും സിനിമാക്കാർ..”, ഭീമൻ രഘു കുറിച്ചു.
ഇതിനെതിരെ നിയമം വരണമെന്നും ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവർക്ക് എതിരെ നടപടി എടുക്കണമെന്നും നിരവധി ആളുകളാണ് കമന്റുകളിലൂടെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. ഈ അടുത്തിടെയാണ് ഭീമൻ രഘു ബിജെപി പാർട്ടി വിടുകയും ഇനി സിപിഎമ്മിലേക്ക് പോവുകയാണെന്നും അറിയിച്ചത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മത്സരിച്ചിരുന്നു.