‘മുഖ്യമന്ത്രിയോട് പിതൃവാത്സല്യം! ആ സമയത്ത് ഞാൻ ഒരു പൊലീസുകാരനായി മാറി..’ – നടൻ ഭീമൻ രഘു

സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനചടങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കുന്ന ഭീമൻ രഘുവിന്റെ ചിത്രവും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ചർച്ച മാത്രമല്ല ഭീമൻ രഘുവിന് ഒരുപാട് ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യവും ഉണ്ടായി. എന്തിനാണ് ഭീമൻ രഘു ആ സമയത്ത് എഴുന്നേറ്റ് നിന്നതെന്ന് ആർക്കും വ്യക്തമായിരുന്നില്ല.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ എഴുന്നേറ്റ് നിന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ഭീമൻ രഘു. “നമ്മുടെയൊരു സംസ്കാരമുണ്ട്. ആ സംസ്കാരമെന്ന് പറയുന്നത്, ഒരു വലിയ മനുഷ്യൻ, കേരളത്തിന്റെ മുഖ്യമന്ത്രി, ഒരു പിതൃവാത്സല്യം അദ്ദേഹത്തോട് ഉണ്ടായിരുന്നു. അത് കൂടാതെ അദ്ദേഹം ഞാൻ ഇരുന്നതിന്റെ നേരെ ഓപ്പോസിറ്റ് നിന്നാണ് സംസാരിച്ചത്.

അദ്ദേഹം അവിടെ കയറി വന്നപ്പോൾ എന്നെ കണ്ടോന്ന് ചിരിച്ചു. പിന്നെ പ്രസംഗം തുടങ്ങിയപ്പോൾ ഞാൻ അങ്ങ് എഴുന്നേറ്റ് നിന്നു. അതിൽ പ്രതേകിച്ച് കാരണങ്ങൾ ഒന്നുമില്ല. അദ്ദേഹത്തിന്റെ മുന്നിൽ എഴുന്നേറ്റ് നിന്നപ്പോൾ അല്പസമയം ഞാനൊരു പൊലീസുകാരനായി എന്ന് തോന്നുന്നുണ്ടായിരുന്നു. കാരണം എന്റെ കണ്ണ് നാല് വശത്തേക്കും ചലിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റിയുടെ ഒരു ഫീൽ മനസ്സിൽ വന്നപോലെ തോന്നി.

അദ്ദേഹത്തിന്റെ സംസാരം കഴിഞ്ഞ ശേഷമാണ് ഞാൻ ഇരുന്നത്. കേരളത്തിന്റെ ഏറ്റവും വലിയയൊരാൾ അല്ലേ മുന്നിൽ വന്നു നിൽക്കുന്നത്. മുഖ്യമന്ത്രിയോട് വിധേയത്വം മാത്രമല്ല, എനിക്ക് വിനയവുവുമുണ്ട്. ഞാൻ പഠിച്ചുവളർന്നൊരു സംസ്കാരമാണ് അത്..”, അദ്ദേഹം പറഞ്ഞു. അലൻസിയർ അദ്ദേഹത്തിന്റെ സംസ്കാരം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ പ്രതികരിച്ചത്.