‘ഞാൻ സംവിധാനം ചെയ്ത ചാണ തമിഴ് റീമേക്ക് ഉണ്ടാകും!! നായകനായി വിജയിയെ ട്രൈ ചെയ്യുന്നുണ്ട്..’ – ഭീമൻ രഘു

സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരു പേരും മുഖവും എന്ന് പറയുന്നത് നടൻ ഭീമൻ രഘുവിന്റേതായിരിക്കും. വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളായി ഭീമൻ രഘു മാറി കഴിഞ്ഞു. ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് എത്തുകയും മുഖ്യമന്ത്രി സംസാരിച്ചപ്പോൾ എഴുന്നേറ്റ് നിന്നതും സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ ചെങ്കൊടിയും കൈയിൽ പിടിച്ച് എത്തിയതും ഒക്കെ മലയാളികൾ ആസ്വദിച്ച് കണ്ടു.

ഇത് കൂടാതെ അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ പോലും ട്രോളുകളിൽ നിറഞ്ഞപ്പോൾ ദിനവും ഭീമൻ രഘുവിനെ പറ്റിയുള്ള എന്തെങ്കിലുമൊക്കെ മലയാളികളുടെ സമൂഹ മാധ്യമങ്ങളിൽ വരാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈ വർഷമിറങ്ങിയ ചാണ. നായകനായും അദ്ദേഹം തന്നെയാണ് അഭിനയിച്ചിരുന്നത്.

ഇതിന്റെ തമിഴ് റീമേക്കിനെ കുറിച്ച് സംസാരിക്കുകയും വിജയി അല്ലെങ്കിൽ അർജുനെ നായകനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞത്. “ചാണ എന്നൊരു സിനിമ ഞാൻ സംവിധാനം ചെയ്തിരുന്നു. ആ പടം തരക്കേടില്ലാതെ ഓടി. അത് തമിഴിൽ എടുക്കാനായി ഒരു പ്രൊഡ്യൂസർ വന്നു. അതിന്റെ സ്ക്രിപ്റ്റ് എഴുത്ത് ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴിലേക്കാണ് റീമേക്ക് ചെയ്യുന്നത്.

അർജുൻ അങ്ങനെയുള്ളവരെ നോക്കുന്നത്. വിജയിയെ ഒക്കെ അവർ ട്രൈ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതൊന്നും വിജയ് തിരഞ്ഞെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയൊരു സബ്ജക്റ്റാണ്. അത് ഇവിടെ ഇറങ്ങിയത് ഒരു പ്രതേക സ്റ്റൈലിലാണ്. ഒരു പാവപ്പെട്ട കത്തിരാക്കി നടക്കുന്ന ഒരു സംഭവമാണ്. പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തമിഴിൽ വരിക. ആക്ഷനും നല്ല പാട്ടുകളുമൊക്കെ ഉണ്ടാവും..”, ഭീമൻ രഘു വെളിപ്പെടുത്തി.