‘ഞാൻ മരിക്കും വരെ ആ മുറിവ് എന്റെ ഉള്ളിൽ ഉണ്ടാകും, അത് മാറുമെന്ന് തോന്നുന്നില്ല..’ – തുറന്ന് പറഞ്ഞ് നടി ഭാവന

മലയാളികളുടെ സ്വന്തം നടി ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയ്ക്ക് പിന്നാലെ ഭാവന പ്രധാന വേഷത്തിൽ എത്തുന്ന റാണി എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഭാവനയെ കൂടാതെ ഉർവശി, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്നത്. ഈ മാസമാണ് റിലീസ് ചെയ്യുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഭാവന നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ എങ്ങനെ തരണം ചെയ്തുവെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഭാവന. “എന്റെ അച്ഛൻ മരിച്ചിട്ട് ഈ വർഷം എട്ട് വർഷമാവുകയാണ്. എല്ലാവരും പറയും, ‘ടൈം വിൽ ഹീൽ’! പക്ഷേ അതൊരു മുറിവ് തന്നെയാണ്. അത് എന്റെ ഉള്ളിൽ തന്നെയുണ്ടാകും.

ഞാൻ മരിക്കുന്നത് വരെയും എന്റെ അച്ഛനെ ഞാൻ മിസ് ചെയ്യും. അതുള്ളിൽ ഉണ്ടാവും. അത് ഒറ്റയടിക്ക് കുറെ കാലം കഴിയുമ്പോൾ, ഓക്കേ എന്നല്ല! അതൊക്ക ഉള്ളിൽ തന്നെയുണ്ടാകും! ചിലപ്പോൾ അതിന്റെ തീവ്രത കുറയുമായിരിക്കും. അത് കംപ്ലീറ്റ് ആയിട്ട് മാറി ഞാൻ ഇനി പഴയത് പോലെ ആവണമെന്നില്ല. എനിക്ക് അങ്ങനെയല്ല. എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്.

ലൈഫ് എന്ന് പറയുന്നത് ഇങ്ങനെയായിരിക്കുമല്ലോ. ഹാപ്പിനെസ് ഉണ്ടാവും വിഷമമുണ്ടാവും. എല്ലാവരും പറയാറില്ലേ ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ടാവില്ലേ. അതുപോലെയാണ് എന്റെയൊക്കെ മാനസികാവസ്ഥ. എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ആകുമെന്ന് ഞാൻ ഇതുവരെ എത്തിയിട്ടില്ല. അങ്ങനെ എത്തിയിട്ടുള്ള ആരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല..”, ഭാവന അഭിമുഖത്തിൽ മനസ്സ് തുറന്നു.