സുരേഷ് ഗോപി സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാളല്ലെന്നും എന്നിട്ടും അദ്ദേഹം മാപ്പ് പറഞ്ഞുവെന്നും പിന്തുണച്ചുകൊണ്ട് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. “എനിക്ക് അറിയുന്ന ഒരു സുരേഷ് ഗോപി, അതായത് സിനിമ ലോകത്തേക്ക് വന്ന ആദ്യ നാളുകളിലെ ഒന്നും അല്ലാത്ത കാലം മുതൽ എനിക്ക് അറിയാവുന്ന ഒരാളാണ്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ മുതൽ പാവം അദ്ദേഹം വരേണ്ടിയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങൾക്ക് ഒക്കെ അറിയാം.
മലയാള സിനിമ മേഖലയിലെ ഒരു സ്ത്രീയോടും അദ്ദേഹം മോശമായി ഇന്നേവരെ പെരുമാറിയിട്ടില്ല. പക്ഷേ ഇവിടെ സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെയാണ് എല്ലാവരും വിമർശിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി എന്നൊരു സിനിമാക്കാരനെ മാത്രമേ എനിക്ക് കാണാൻ സാധിക്കുകയുള്ളൂ. പുള്ളിയുടെ ചില പ്രസ്താവനകളോട് ഞാൻ എതിരാണ്. നേരിൽ കാണുമ്പോൾ ഞാൻ അതൊക്കെ പറയാറുമുണ്ട്. ഈ വീഡിയോ കണ്ടിട്ട് പ്രതേകിച്ച് എനിക്ക് ഒന്നും തോന്നിയിട്ടില്ല.
അദ്ദേഹം ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നാണ് പലപ്പോഴും സംസാരിക്കാറുള്ളത്. പുള്ളി ഒരു സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീയോട് സൗഹൃദത്തോട് സംസാരിക്കുന്ന രീതിയാണ് എനിക്ക് തോന്നിയത്. ഇതിലൊരു രാഷ്ട്രീയമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രാഷ്ട്രീയത്തിന്റെ ഒരു തഴക്കവും പഴക്കവും വന്നിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയാണ് ഇത്. തെറ്റായ ഒരു തോന്നലോടെയല്ല അദ്ദേഹം ആ സ്ത്രീയുടെ തോളിൽ കൈവച്ചതെന്നാണ് എനിക്ക് തോന്നുന്നു.
അതിന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. ആ കുട്ടി അവിടെവച്ച് തന്നെ രൂക്ഷമായി സംസാരിക്കണമായിരുന്നു. ചിരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് ഞാൻ പിന്നീട് കണ്ടത്. വീണ്ടും ചോദ്യം ആവർത്തിക്കുകയാണ് ചെയ്തത്. അല്ലാതെ ഇതിന് പ്രതികരിക്കുക അല്ലല്ലോ ചെയ്തത്. അവിടെ വച്ച് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന് പറയാൻ ഒരു അവസരവും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. അദ്ദേഹം മാപ്പ് പറയുകയും ചെയ്തു..”, ഭാഗ്യലക്ഷ്മി പ്രതികരിച്ചു.