‘അഭിനയം എനിക്ക് പറ്റാത്തൊരു വിഷയമാണ് അന്നും ഇന്നും, പക്ഷേ നന്ദി ജൂഡിനോട്..’ – പ്രതികരിച്ച് ഭാഗ്യലക്ഷ്മി

ഡബ്ബിങ് ആർട്ടിസ്റ്റായി മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു താരമാണ് ഭാഗ്യലക്ഷ്മി. പത്താമത്തെ വയസ്സിൽ ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി ആരംഭിച്ച ഭാഗ്യലക്ഷ്മി കഴിഞ്ഞ 50 വർഷത്തിൽ അധികമായി ഈ മേഖലയിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. നിരവധി സിനിമകളിൽ ബാലതാരങ്ങൾക്കും നായികമാർക്കും നടിമാർക്കും തുടങ്ങിയ കഥാപാത്രങ്ങൾക്ക് ഒക്കെ ഭാഗ്യലക്ഷ്മി തന്റെ ശബ്ദം നൽകിയിട്ടുണ്ട്.

ടെലിവിഷൻ അവതാരകയായും ഭാഗ്യലക്ഷ്മി ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ്. സിനിമയിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുള്ള ഭാഗ്യലക്ഷ്മിയെ പ്രധാന വേഷത്തിൽ കാണുന്നത് 2016-ൽ ഇറങ്ങിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ ആ സിനിമയിൽ അഭിനയിപ്പിച്ചതിന് അതിന്റെ സംവിധായകനായ ജൂഡ് ആന്തണി ജോസഫിന് നന്ദി പറയുകയും അതുമായി ബന്ധപ്പെട്ട് ചിലത് കുറിക്കുയും ചെയ്തിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

“”ഒരു മുത്തശ്ശി ഗദ”.. ഡബ്ബിങ് ജീവിതമാണ് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത്.. അഭിനയം എനിക്ക് പറ്റാത്തൊരു വിഷയമാണ് അന്നും ഇന്നും.. പക്ഷേ സംവിധായകൻ ജൂഡ് ആന്റണിയുടെ വിശ്വാസമായിരുന്നു ഇതിൽ ഞാൻ അഭിനയിക്കാൻ കാരണം.45 ദിവസത്തെ ഷൂട്ടിംഗ് മറക്കാൻ പറ്റില്ല. അത്രക്കും ആസ്വദിച്ചു. ആ ദിനങ്ങൾ.. രാജിനി ചാണ്ടി എന്ന നല്ലൊരു സുഹൃത്തിനെ കിട്ടി. ഇന്നും യാത്രകളിൽ പലരും നന്നായിരുന്നു ആ സിനിമ എന്ന് പറയാറുണ്ട്.

ചെറിയ കുട്ടികൾ മുത്തശ്ശി എന്ന് വിളിച്ചുകൊണ്ട് ഓടിവരാറുണ്ട്. ജൂഡിന് നന്ദി..”, ഭാഗ്യലക്ഷ്മി കുറിച്ചു. ഭയങ്കര ഇഷ്ടമുള്ള ഒരു സിനിമ ആണെന്നും നല്ല ഫീൽ ഗുഡ് മൂവി എത്ര കണ്ടാലും മടുക്കില്ലയെന്നും രണ്ട് അമ്മമാരുടെ യാത്രയും പിന്നെയും പിന്നെയും കാണുമെന്നും ഒരു ആരാധിക കമന്റ് ഇട്ടു. ചേച്ചി വളരെ നന്നായി തന്നെ അഭിനയിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു. ജൂഡിന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു ഒരു മുത്തശ്ശി ഗദ.