സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ നല്ല അഭിപ്രായം നേടിയ സിനിമകളിൽ ഒന്നായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. 99% പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ബേസിൽ ആ സിനിമ എടുത്തത്. തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പറ്റിയില്ലെങ്കിലും ഒ.ടി.ടിയിൽ വൻ വരവേൽപ്പായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.
സൂപ്പർ ഹീറോ സിനിമകളിൽ പൊതുവേ നടിമാർക്ക് വലിയ റോളുകൾ ഒന്നും ഉണ്ടാവാറില്ല. അല്ലെങ്കിൽ പിന്നെ വണ്ടർ വുമൺ പോലെയുള്ള സിനിമകളായിരിക്കണം. എന്നാൽ ബേസിൽ തന്റെ സൂപ്പർഹീറോ ചിത്രത്തിൽ നായികമാർക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഉഷ, ബ്രൂസ്‌ലി ബിജി തുടങ്ങിയ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ സിനിമ കണ്ടിറങ്ങിയ ശേഷം തങ്ങിനിൽക്കുന്നതാണ്.
തന്റെ സ്ത്രീ കഥാപാതങ്ങളെ കുറിച്ച് ഇപ്പോഴിതാ “വനിത ശിശുവികസന വകുപ്പിന്” വേണ്ടി ചെയ്ത ഒരു വീഡിയോയിൽ ബേസിൽ പ്രതികരിച്ചിരിക്കുകയാണ്. സ്ത്രീകൾ ഉഷമാരെ പോലെയാവരുതെന്നും ബ്രൂസ്‌ലി ബിജിയെ പോലെയുള്ളവർ ആവണമെന്നുമാണ് ബേസിൽ വീഡിയോയിൽ പറയുന്നത്. “മിന്നൽ മുരളിയിലെ ഉഷയെ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഓരോ കാലത്തും ഉഷയ്ക്ക് ഓരോ ആളുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു.
ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ.. ഉഷയ്ക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഓരോതരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ! ഭർത്താവ് ഇട്ടിട്ട് പോയാലും അന്തസ്സായി ജീവിക്കാമായിരുന്നില്ലേ. മകളുടെ ചികിത്സ നടത്തമായിരുന്നില്ലേ.. സ്ത്രീകൾക്ക് ഫ്രീഡം മാത്രമല്ല, ഫിനാൻഷ്യൽ ഫ്രീഡം കൂടിവേണം. അതുകൊണ്ട് ലേഡീസ്.. നിങ്ങൾ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ ജീവിക്കാൻ പഠിക്കണം.
സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂർണം സ്വാതന്ത്ര്യം നേടൂ.. ആരെയും ആശ്രയിക്കാതെ മിന്നി തിളങ്ങൂ.. ഫിനാൻഷ്യൽ ഫ്രീഡം നേടുന്നത് വരെ ഇനി വേണ്ട വിട്ടുവീഴ്ച..”, ബേസിൽ വീഡിയോയിൽ പറഞ്ഞു. ബേസിലിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വളരെ നല്ല ആശയമെന്ന് കമന്റ് ചെയ്ത നിരവധി പേരാണ് എത്തിയത്.