‘അയോദ്ധ്യ ഞാൻ സന്ദർശിച്ചതിനാണോ! അമ്മയ്ക്ക് വരെ ചീത്ത വിളിച്ചു, വിഷമം തോന്നി..’ – പ്രതികരിച്ച് നടൻ ബാലാജി ശർമ്മ

കുടുംബത്തിന് ഒപ്പം അയോദ്ധ്യ സന്ദർശിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ച നടൻ ബാലാജി ശർമ്മയ്ക്ക് വലിയ രീതിയിൽ വിമർശനമാണ് ലഭിച്ചിട്ടുണ്ടായിരുന്നത്. ചിലർ അസഭ്യം പറയുകയും ചീത്ത വിളിക്കുകയും സംഘിപട്ടം നൽക്കുകയും നിന്റെ സിനിമകൾ ഇനി കാണുകയില്ല എന്ന് വരെ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തിരികെ വീട്ടിൽ എത്തിയ ശേഷം ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ബാലാജി ശർമ്മ.

“അതിലുള്ള ചില കമന്റസ് ഒക്കെ വളരെ വിഷമം തോന്നിപ്പിച്ചു. അമ്മയ്ക്ക് ഒക്കെയാണ് ചീത്ത വിളിച്ചിരിക്കുന്നത്. അതിന് മാത്രം എന്ത് തെറ്റാണ് സഹോദരാ ഞാൻ ചെയ്തത്. അതിനൊന്നും മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല.. അതൊക്കെ ചീത്ത വിളിച്ചവന്റെ നിലവാരമെന്ന് പറഞ്ഞ് തള്ളി കളയുന്നു. എന്നെ പോലെയൊരാൾ അയോദ്ധ്യയിൽ പോയെന്ന് വാർത്തയാക്കാൻ പറ്റുന്ന മാധ്യമങ്ങൾ, അതിന്റെ താഴെ കമന്റസ്. കുറെ നല്ല കമന്റുകളുണ്ട്, അതുപോലെ തന്നെ വൃത്തികെട്ട കമ്മന്റുകളുമുണ്ട്. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്കൊരു സ്ഥലം സന്ദർശിക്കാനുള്ള അവകാശമില്ലേ? ഒരു അമ്പലത്തിൽ പോകാനുള്ള അവകാശം എനിക്കില്ല?

അതോ അയോദ്ധ്യ ഞാൻ സന്ദർശിച്ചതുകൊണ്ടാണോ? എന്നെ ചാണകമെന്നും സംഘിയെന്നും മതതീവ്രാ.വാദിയെന്നും ഒക്കെ കുറെ കമന്റുകൾ. എന്റെ സഹോദരാ ഞാൻ പള്ളിയിൽ പോകാറുണ്ട്, ചർച്ചിൽ പോകാറുണ്ട്, ഗുരുദ്വാരയിൽ പോകാറുണ്ട്. എനിക്ക് പോസിറ്റീവിറ്റി കിട്ടുന്ന സ്ഥലങ്ങളിലൊക്കെ ഞാൻ പോകാറുണ്ട്. മഴകളിൽ പോകാറുണ്ട്, പുഴകളിൽ പോകാറുണ്ട്, ചായ കടകളിൽ ഇരിക്കാറുണ്ട്. എനിക്ക് പോകാൻ പറ്റുന്ന സ്ഥലങ്ങളിലൊക്കെ ഞാൻ പോകാറുണ്ട്. അതിനുള്ള സ്വന്താന്ത്ര്യമില്ലേ? എനിക്ക് സന്തോഷം കിട്ടുമ്പോൾ അതിന്റെ വീഡിയോ ഞാൻ ഇടാറുണ്ട്. ആ വീഡിയോസ് ഇഷ്ടപ്പെടുന്ന കുറെ ആളുകളുണ്ട്.

അയോദ്ധ്യയിൽ ഞാൻ പോയത് ഒരു നിലപാട് പറയാനുമല്ല, മതത്തിന്റെ ഭ്രാന്ത് കൊണ്ട് പോയതുമല്ല. പുതിയായൊരു സ്ഥലം കാണാനുള്ള എന്റെ ആഗ്രഹം. പിന്നെ ജയ് ശ്രീറാം എന്ന് നെറ്റിയിൽ ഒട്ടിച്ചത്. നോർത്ത് ഇന്ത്യയിൽ നിങ്ങൾ പോയിട്ടുണ്ടെങ്കിൽ, അവിടെ അമ്പലത്തിന്റെ മുന്നിൽ, പാവപ്പെട്ട കൊച്ചുകുട്ടികളും ആളുകളും പത്ത് രൂപ കൊടുത്താൽ ഇത് പ്രിന്റ് ചെയ്യാൻ നിൽപ്പുണ്ട്. എന്റെ മോൾക്ക് ആഗ്രഹം തോന്നി, ഞാനും അത് ചെയ്തു. കാശിയിൽ ചെന്നപ്പോൾ ഓം നമശിവ എന്നായിരുന്നു. ഞാൻ ഇഷ്ടപ്പെടുന്ന ഒരു ദൈവത്തിന്റെ പേരുള്ള ഒരിത് പതിച്ചാൽ എന്താണ് കുഴപ്പം? എന്താണ് ഇത്!

നമ്മുക്ക് ഒരു സ്ഥലത്ത് പോകാനുള്ള സ്വാന്തന്ത്ര്യമില്ലേ! അമ്പലവും പള്ളിയും ചർച്ചുമൊക്കെ ഉള്ള ഒരു സ്ഥലത്താണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്. ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി ചെയ്ത ഒരാളാണ് ഞാൻ. ഇതിപ്പോൾ എന്ത് ചെയ്താലും കുറ്റം എന്നൊരു അവസ്ഥയായി മാറി. എനിക്ക് മക്കയിൽ പോകാൻ ഒരു അവസരം കിട്ടിയാൽ ഞാൻ അവിടെയും പോകും, പോപ്പിനെ കാണാൻ അവസരം കിട്ടിയാൽ അവിടെയും പോകും. വീഡിയോ ചെയ്യാനുള്ള അവസരം അവിടങ്ങളിൽ ഉണ്ടെങ്കിൽ ഞാൻ അതും ചെയ്യും. അത് എന്റെ താൽപര്യമാണ്. പിന്നെ വിമർശിക്കേണ്ടവർ വിമർശിച്ചോ, ഒരുമാതിരി വൃത്തികെട്ട ഭാഷയിൽ ആകരുത്.

തെറി വിളിച്ചവർക്ക് അവരുടെ വിവേകമില്ലായ്മയ്ക്ക് നല്ല മനസ്സ് കൊടുക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. പിന്നെ കുറച്ചുപേർ പറഞ്ഞു, എനിക്കിനി സിനിമ കിട്ടില്ല, എന്നെ സിനിമാക്കാർ അടുപ്പിക്കില്ല എന്നൊക്കെ.. ഇതൊക്കെ നോക്കികൊണ്ടിരിക്കുന്നവർ അല്ല സിനിമാക്കാർ. അവർക്ക് ഒരു ജാതിയും ഒരു മതവുമേയുള്ളൂ, സിനിമ! പിന്നെ കുറച്ചുപേർ എന്നെ അൺഫോളോ ചെയ്യുമെന്ന് പറഞ്ഞു. നിങ്ങൾ ഫോളോ ചെയ്യണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ. അതൊക്കെ നിങ്ങളുടെ ഇഷ്ടം.. ഇഷ്ടമുള്ളവർ ചെയ്യൂ, അല്ലാത്തവർ ചെയ്യണ്ട.. മഞ്ഞ കണ്ണാടിയിട്ട് കണ്ടു കഴിഞ്ഞാൽ എല്ലാം മഞ്ഞായിട്ടേ കാണുകയുള്ളൂ സഹോദരാ..”, ബാലാജി പ്രതികരിച്ചു.