‘എന്റെ കൈയിൽ നിന്ന് സമ്മാനം വാങ്ങുന്ന ‘ഇതിയാൻ’ ഇപ്പോൾ സംസാര വിഷയമാണ്..’ – ചിത്രം പങ്കിട്ട് ബാലചന്ദ്ര മേനോൻ

സംവിധായകനായും നടനായും തിരക്കഥാകൃത്തായും നിർമാതാവായും ഗായകനായുമെല്ലാം മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ബാലചന്ദ്ര മേനോൻ. 45 വർഷമായി സിനിമ ജീവിതത്തിൽ സജീവമായി നിൽക്കുന്ന ഒരാളാണ് അദ്ദേഹം. 2010-ന് ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ ബാലചന്ദ്ര മേനോൻ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹം. എന്നാലും ശരത്ത് എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.

പുലിമട, രഞ്ജിത്ത് സിനിമ എന്നിവയാണ് അവസാനം പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം വളരെ സജീവമാണ്. ഈ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പയ്യന് ട്രോഫി കൊടുക്കുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ചില കാര്യങ്ങൾ കുറിച്ചിരുന്നു. ഇന്ന് ഏറെ സംസാര വിഷയമായ ഒരാളാണെന്നും അത് ആരാണെന്ന് കണ്ടുപിടിക്കുമോ എന്നും അദ്ദേഹം പോസ്റ്റിലൂടെ ചോദിച്ചിട്ടുമുണ്ട്. ഉത്തരം നാളെ നൽകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

“പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്ര മേനോനായ ഞാൻ ഒരു ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുപോലും.. തീർന്നില്ലാ.. ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും.. അമ്മയാണേ സത്യം, ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നില്ല.. എന്റെ കൈയിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും.

അതെ.. സിനിമയിൽ തന്നെ.. ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട്. ഇപ്പോൾ “ഇതിയാൻ” സംസാരവിഷയമാണെന്ന് പിടി കിട്ടിയോ? ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക..”, ബാലചന്ദ്രമേനോൻ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. സംവിധായകനായ ബ്ലെസ്സി ആണെന്ന് പലരും കമന്റ് ബോക്സിൽ ബാലചന്ദ്രമേനോന് മറുപടിയായി നൽകിയിട്ടുണ്ട്. ഏകദേശം അദ്ദേഹത്തെ പോലെയുണ്ടെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്.