‘നമ്പൂതിരിമാർക്ക് മാത്രമേ വീട്ടിൽ വന്ന ഒരാളെ ആദരിക്കാനുള്ള കഴിവുള്ളൂ, വേറെ ആർക്കുമില്ല..’ – ബാബു നമ്പൂതിരി

ഇരുന്നൂറിൽ അധികം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരനായ ഒരാളാണ് നടൻ ബാബു നമ്പൂതിരി. 1982-ൽ പുറത്തിറങ്ങിയ യാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ബാബു നമ്പൂതിരി വില്ലനായി നിരവധി സിനിമകളിൽ അഭിനയിച്ച് കൈയടി നേടിയിട്ടുണ്ട്. 2015-ന് ശേഷം ബാബു നമ്പൂതിരി അഭിനയത്തിൽ അത്ര സജീവമായി നിൽക്കുന്നില്ല.

ഇടയ്ക്ക് ബാബു നമ്പൂതിരി ഒരു ക്ഷേത്ര പൂജാരിയായി മാറിയെന്ന് ചില വാർത്തകൾ വന്നിരുന്നു. പക്ഷേ അവിടെയുള്ള പൂജാരിക്ക് സൗകര്യക്കുറവുള്ള സമയത്ത് മാത്രമാണ് പോകാറുള്ളതെന്ന് ബാബു നമ്പൂതിരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നമ്പൂതിരി മഹാ സംഗമത്തിൽ പങ്കെടുക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. വേദിയിൽ ഒപ്പം വേറെയും നമ്പൂതിരിമാർ ഉണ്ടായിരുന്നു.

“നാരായണൻ നമ്പൂതിരിക്ക് ഒപ്പമാണ് ഇപ്പോൾ ഇരുന്നത്. എന്നോട് അദ്ദേഹം കണ്ടപ്പോഴും ചോദിച്ചത് കാപ്പി കുടിച്ചോ എന്നതാണ്. ഞാൻ പറഞ്ഞു കുടിച്ചു. ഇവിടുന്നു കുടിച്ചോ? ഞാൻ പറഞ്ഞു ഇവിടുന്നു കുടിച്ചില്ല. ഞാൻ കാപ്പി കുടിച്ചിട്ടാണ് വന്നത്. എന്നാൽ കുടിക്കേണ്ടേ എന്ന് വീണ്ടും ചോദിച്ചു. ഞാൻ മൂന്ന് ദോശയും ഒരു നേന്ത്രപ്പഴവും കഴിച്ചിട്ടാണ് വന്നത്. ഇനിയും കഴിക്കണോ? കുഴപ്പമില്ല വേണ്ടെന്ന് അദ്ദേഹം ചിരിച്ചിട്ട് പറഞ്ഞു. നമ്മുടെ ഒരു ഉപചാരം, നമ്മുടെ കുടുംബത്തിൽ ഒരാൾ വന്നു കഴിഞ്ഞാൽ നമ്മൾ ചെയ്യുന്ന ഒരു രീതിയുണ്ട്.

ഇത് എല്ലാവർക്കുമില്ല. നമ്പൂരിമാർക്കെ ഉള്ളൂ. കേരളത്തിലെ നമ്പൂതിരിമാർക്കെ ഉളളൂ. ഒരാളെ ആദരിക്കുക, അതിപ്പോൾ ശത്രുവാകട്ടെ, മിത്രമാകട്ടെ.. വന്നു കയറിയാൽ ഉടനെ എന്താണ് കഴിക്കാൻ വേണ്ടത്, കാപ്പിയുടെ സമയം ആണേൽ കാപ്പി, ഊണിന്റെ സമയമാണേൽ ഊണ്! നമ്മുക്ക് ഇല്ലായിമ ഉണ്ടെങ്കിൽ കൂടിയും അത് മറ്റൊരാൾക്ക് വീതിച്ച് കൊടുക്കാനുള്ള മനസ്സാണ് നമ്പൂതിരിമാർക്കുള്ളത്..”, ബാബു നമ്പൂതിരി പറഞ്ഞു. ഇതാണ് മലയാളികളെ ഏറെ ചൊടിപ്പിച്ചത്. ഇപ്പോഴും ജാതി ഉള്ളിൽ കൊണ്ട് നടക്കുകയാണല്ലേ എന്നും ചിലർ വിമർശിച്ചു.