‘അശോകൻ ചേട്ടന്റെ ആ ഇന്റർവ്യൂ കണ്ടു, ഇനി അദ്ദേഹത്തെ അനുകരിക്കില്ല..’ – വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ അശോകൻ തന്റെ ശബ്ദം അസീസ് നെടുമങ്ങാട് അവതരിപ്പിക്കുന്നത് കുറച്ച് ഓവറായിട്ടാണ്, ഇഷ്ടമല്ലെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴിതാ അസീസ് ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഇനി അശോകന്റെ ശബ്ദം ഒരു സ്ഥലത്ത് പോലും അനുകരിക്കില്ലെന്നും അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിൽ അത് ചെയ്യുന്നത് ശരിയല്ലെന്നും അസീസ് വെളിപ്പെടുത്തി.

“അശോകേട്ടന്റെ ആ അഭിമുഖം ഞാൻ കണ്ടിരുന്നു. അശോകേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. അത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുമ്പോൾ അത് അരോചകമായി തോന്നിയ തുറന്ന് പറയുക എന്നത് അത് അഭിപ്രായ സ്വാതന്ത്ര്യമാണ്. പുള്ളിക്ക് അങ്ങനെ തോന്നിയാരിക്കാം. പക്ഷേ ഞാനൊരു തീരുമാനം എടുത്തു. ഇനി അശോകേട്ടനെ അനുകരിക്കുകയില്ല. നിർത്തി.

അശോകേട്ടനായി എനിക്ക് നല്ല ബന്ധമാണ്. അശോകേട്ടൻ ഇപ്പോൾ കുറച്ച് നാൾ ഫീൽഡിൽ ഇല്ലെങ്കിൽ അദ്ദേഹത്തെ എല്ലാവരും ഓർക്കുന്നതിന് കാരണം ഇതുപോലെയുള്ള മിമിക്രിക്കാർ തന്നെയാണ്. പിന്നെയൊരു കാര്യം കുറച്ച് ഓവറായി ചെയ്തുകഴിഞ്ഞാൽ മാത്രമേ നമ്മൾ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടുകയുള്ളു. നാടകങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ഡയലോഗ് കുറച്ച് ഓവറായിട്ടല്ലേ പറയുന്നത്.

സ്റ്റേജിൽ നമ്മുക്ക് അങ്ങനെയെ ചെയ്യാൻ പറ്റൂ. പുള്ളി ഞാൻ സ്റ്റേജിൽ ചെയ്യുമ്പോൾ അത് നേരിൽ കണ്ടിട്ടുണ്ട്. എന്നോട് അസീസ് ചെയ്തത് നന്നായിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. എന്ത് പറ്റി അങ്ങനെ പറയാനെന്ന് എനിക്ക് അറിയില്ല. ഒരു മനുഷ്യനെ നമ്മൾ കളിയാക്കുന്നത് ആ ആൾക്ക് ഇഷ്ടമായില്ലെങ്കിൽ നമ്മൾ അത് അവിടെ വച്ച് നിർത്തണം.. അത് സ്വന്തം കൂട്ടുകാരനാണെങ്കിൽ കൂടിയും.. അതുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ പറഞ്ഞത്.

ഞാൻ ഇനി മുതൽ അശോകൻ ചേട്ടനെ അനുകരിക്കില്ല. ഒരിയിടത്തും ചെയ്യില്ല. ഇനിയെല്ലാവരും പറയാൻ തുടങ്ങിയാൽ അനുകരണം നിർത്തും. വേറെയും മിമിക്രികളുണ്ടല്ലല്ലോ.. ഒന്നാമത് ഈ ഫിഗർ ഷോ എന്ന് പറയുന്ന സാധനം ഔട്ടായി കൊണ്ടിരിക്കുകയാണ്. നല്ല സ്കിറ്റുകൾ തുടരും.. ഞങ്ങൾക്കും ജീവിക്കേണ്ട.. ഞങ്ങൾ മിമിക്രിതാരങ്ങളാണ്..”, അസീസ് പറഞ്ഞു. പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് അസീസ് ഈ കാര്യങ്ങൾ പറഞ്ഞത്.