‘സുഹൃത്തിന് ഒപ്പം കലക്കൻ ഡാൻസുമായി ഉപ്പും മുളകും താരം നടി അശ്വതി നായർ..’ – വീഡിയോ വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും. ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളും തമാശകളുമാണ് ഉപ്പും മുളകിലും കാണിച്ചിരുന്നത്. മറ്റുള്ള പരമ്പരകൾ കണ്ട് ബോർ അടിച്ചിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ഉപ്പും മുളകും റേറ്റിംഗിൽ ഏറെ മുന്നിൽ നിന്നു. അതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപെട്ടവരായി.

വളരെ അപ്രതീക്ഷിതമായിട്ടാണ് ഉപ്പും മുളകും അവസാനിച്ചത്. അതിൽ ആദ്യം മുതൽ ഉണ്ടായിരുന്ന താരങ്ങളും ഇടയ്ക്ക് വന്ന താരങ്ങൾക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ ആയിരുന്നു. ഇപ്പോഴിതാ ഉപ്പും മുളകും രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. പഴയ പ്രധാന താരങ്ങളെ എല്ലാം തിരിച്ചുകൊണ്ടുവരാൻ ചാനലുകാർക്കും അണിയറ പ്രവർത്തകർക്കും സാധിച്ചു.

അപ്പോഴും പ്രേക്ഷകരിൽ ചിലർ ചോദിച്ച ഒരു കഥാപാത്രം ഇതുവരെ എപ്പിസോഡുകളിൽ വന്നിട്ടില്ല. ഉപ്പും മുളകിലെ മുടിയന്റെ കടുത്ത ആരാധികയായി അവതരിപ്പിച്ച പൂജ നായർ എന്ന കഥാപാത്രം. അന്ന് ജൂഹി പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ അവതരിപ്പിച്ച പുതിയ കഥാപാത്രമായിരുന്നു അത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അശ്വതി നായർ ആയിരുന്നു.

അശ്വതി അതിന് മുമ്പ് ടെലിവിഷൻ ഷോകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവമായിരുന്നു. ഉപ്പും മുളകും വീണ്ടും ആരംഭിച്ചതോടെ അശ്വതിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. അശ്വതിയും സുഹൃത്തും ഒരുമിച്ച് ചെയ്ത ഒരു ഡാൻസ് റീൽസാണ് ഇപ്പോൾ വൈറലാവുന്നത്. അജഗജാന്തരത്തിലെ ഒല്ലൂള്ളേര് എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.