‘സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണ ക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും..’ – വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ എക്സാലോജിക് എന്ന കമ്പനി നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മീഷണറുടെ റിപ്പോർട്ട് ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വീണയും എക്സാലോജികുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണ്. സിഎംആ‌ർഎല്ലിൽ നിന്നും കൈപ്പറ്റിയ പണം വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി റിപ്പോർട്ട് വന്നതോടെ ആശ്വാസത്തിൽ ആയിരിക്കുകയാണ് സിപിഎം.

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദമായതുകൊണ്ട് തന്നെ സിപിഎമ്മിനും സർക്കാരിനും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. മാസപ്പടി വിവാദം കത്തിനിൽക്കുന്ന സമയത്ത് മാത്യു കുഴൽനാടൻ എംഎൽഎയാണ് വീണയുടെ കമ്പനി ജിഎസ്.ടി അടച്ചിട്ടില്ലെന്ന് ആരോപണം ഉന്നയിച്ചത്. മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നാണ് സിപിഎമ്മിന്റെയും നേതാക്കളുടെയും ഇപ്പോഴത്തെ ആവശ്യം.

അതേസമയം വീണയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ആര്യ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. “എത്ര നുണകളാൽ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണ ക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും..”, ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന് താഴെ ലാൽ സലാം പറഞ്ഞുള്ള അണികളുടെ കമന്റുകളാണ് കൂടുതൽ. അതുപോലെ ഇരുപാർട്ടികളിലെയും അണികൾ അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നുമുണ്ട്. സത്യം ജയിച്ചുവെന്നാണ് പലരും കമന്റിലൂടെ പ്രതികരിച്ചത്. മാസപ്പടി വാങ്ങീട്ടില്ല എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ അതിന്റെ ജിഎസ്.ടി വരെ അടപ്പിച്ച മാത്യു കുഴൽ നാടനാണ് ഹീറോ എന്നും പോസ്റ്റിന് താഴെ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.