‘വെന്റിലേറ്ററിൽ ജീവന് വേണ്ടി എന്റെ ചേച്ചി പോരാടുകയാണ്..’ – നടി അരുന്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് സഹോദരി ആരതി

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായരുടെ ആരോഗ്യസ്ഥിതി വളരെ മോശം സ്ഥിതിയിൽ കടന്നുപോയികൊണ്ടിരിക്കുകയാണ്. വെന്റിലേറ്ററിൽ ജീവന് വേണ്ടി പോരാടുന്ന അരുന്ധതിയുടെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് കുടുംബം. ഒരു യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ് കസിന് ഒപ്പം മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച് മണിക്കൂറോളം റോഡിൽ കിടന്നുവെന്നാണ് വിവരം.

അരുന്ധതിയുടെ ചികിത്സയ്ക്ക് വേണ്ടിയ പണം അഭ്യർത്ഥിച്ചുള്ള സീരിയൽ നടി ഗോപിക അനിലിന്റെ കുറിപ്പ് വന്നതോടെയാണ് സംഭവം വാർത്തയാകുന്നത്. ഇപ്പോഴിതാ സഹോദരി ആരതി നായർ തന്നെ അരുന്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. “തമിഴ്‌നാട്ടിലെ പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും വന്ന വാർത്തകളിൽ വ്യക്തത വരുത്തണമെന്ന് ഞങ്ങൾക്ക് തോന്നി.

എൻ്റെ സഹോദരി അരുന്ധതി നായർക്ക് മൂന്ന് ദിവസം മുമ്പ് അപകടമുണ്ടായി എന്നത് സത്യമാണ്. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ അനന്തപുരി ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരിക്കെ അവൾ ജീവനുവേണ്ടി പോരാടുകയാണ്..”, ആരതി ഒരു കുറിപ്പ് ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ചു. ഇത് കൂടാതെ അരുന്ധതിയുടെ അവസ്ഥ വിവരിച്ച് ഒരു വീഡിയോയും ആരതി ഇട്ടിട്ടുണ്ട്. അതിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

തലയ്ക്ക് പറ്റിയ പരിക്കാണ് ഇപ്പോൾ അരുന്ധതിയുടെ ജീവന് മോശമായി മാറിയിരിക്കുന്നത്. ഇതുവരെ യാതൊരു പ്രതികരണവും അരുന്ധതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പത്ത് ശതമാനം മാത്രം പ്രതീക്ഷ മാത്രമേയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും ആരതി വീഡിയോയിൽ പറഞ്ഞു. ഒരു ഓട്ടോറിക്ഷയുടെ പിറകിൽ പെട്ടന്ന് ബ്രേക്ക് പിടിച്ചപ്പോൾ ഇടിച്ചതാണ് അപകടം ഉണ്ടാകാൻ കാരണമായത്. കഴുത്തിനും നട്ടെലിനും എല്ലാം ഒടിവ് സംഭവിച്ചിട്ടുണ്ട്.