ഡോക്ടർ എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയ്ക്ക് ശേഷം സംവിധായകൻ നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ദളപതി വിജയ് നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി അഭിനയിക്കുന്നത്. കോവിഡിന് ശേഷം ബോക്സ് ഓഫീസിൽ 100 കോടിയിൽ അധികം കളക്ഷൻ നേടിയ സിനിമയായിരുന്നു ഡോക്ടർ. അതുകൊണ്ട് തന്നെ വിജയ് ആരാധകർ ഏറെ പ്രതീക്ഷയിലാണ്.
ഡോക്ടർ പോലെ തന്നെ ഒരു ഗംഭീര സിനിമയായിരിക്കും ബീസ്റ്റെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ബീസ്റ്റിന് സംവിധായകൻ നെൽസൺ ചെയ്യുന്ന സിനിമയിൽ തലൈവരാണ് നായകൻ. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്. ബീസ്റ്റിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്.
സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വാലൻന്റൈൻസ് ദിനത്തിലാണ് പാട്ട് പുറത്തിറങ്ങിയത്. വിജയുടെയും നായിക പൂജയുടെയും ഒരു ചെറിയ ഡാൻസ് പോർഷനും ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആ ഭാഗം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അതിന്റെ ഡാൻസ് റീൽസുമായി നിരവധി താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. നായികയായ പൂജയും റീൽസ് ചെയ്തിട്ടുണ്ട്. പൂജയെ കൂടാതെ അതിൽ അഭിനയിച്ച അപർണ ദാസും പാട്ടിന് ചുവടുവച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്. പക്ഷേ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് നടി സാമന്ത റീൽസ് പങ്കുവച്ചപ്പോഴാണ്. മാസ്ക് വച്ചാണ് സാമന്ത ഡാൻസ് ചെയ്തിരിക്കുന്നത്. ശിവകാർത്തികേയനാണ് പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.