ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി അപ്സര രത്നാകരൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അപ്സര പങ്കുവച്ച ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് താരം. “അപ്സര ആൽബിൻ എന്നല്ലേ പേര് വരേണ്ടത്, അതോ നിങ്ങൾ തമ്മിൽ ഡിവോഴ്സ് ആയോ?”, ഇതായിരുന്നു കമന്റ്.
ഇത് ശ്രദ്ധയിൽപ്പെട്ട അപ്സര മറുപടി ഒരു പോസ്റ്റായി പങ്കുവെച്ച് തന്നെ കൊടുത്തു. “ചിലർ ഇങ്ങനെയാണ്, എത്ര വേണ്ടാന്ന് വച്ച് ഒഴിഞ്ഞ് മാറിയാലും സമ്മതിക്കില്ല, കിട്ടിയാലേ പഠിക്കൂ.. അതുകൊണ്ടാണ് ഈ കമന്റിന് മറുപടി പറയുന്നത്. ഇന്നലെയാണ് എനിക്ക് ഈ വർഷത്തെ കലാഭവൻ മാണി ഫൗണ്ടേഷൻ അവാർഡ് കിട്ടിയ വിവരം അറിഞ്ഞത്. അറിഞ്ഞപ്പോൾ തന്നെ എന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിന് താഴെ വന്ന ഒരു കമന്റിന്റെ സ്ക്രീൻഷോട്ടാണ് ഇത്.
എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടതുകൊണ്ട് ഞാനും ഭർത്താവും തമ്മിൽ ഡിവോഴ്സ് ആയോ എന്നാണ് ചോദ്യം. എന്റെ പേര് അപ്സര എന്നാണ്. അച്ഛന്റെ പേര് രത്നാകരൻ. അതുകൊണ്ട് തന്നെ എന്റെ പേര് അപ്സര രത്നാകരനാണ്. അതിൽ ആർക്കാണ് പ്രശ്നം? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം കൂടി കഴിഞ്ഞാൽ രണ്ട് വര്ഷം ആവുകയാണ്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭർത്താവിന് കൈ മാറണമെന്ന് നിർബന്ധമുണ്ടോ? എന്റെ ഭർത്താവ് പോലും പേര് മാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
പിന്നെ മറ്റുളളവർക്ക് എന്താണ് പ്രശ്നം? ഇപ്പോൾ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. പിരിയണം എന്ന് ചിന്തിക്കുന്നുമില്ല. എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭർത്താവിന്റെ പേര് ഇടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേൽ പ്രതേകം താങ്കളെ അറിയിക്കുന്നതാണ്. ഹാ ഇതൊക്കെ തന്ത ഉള്ളവന്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ..”, അപ്സര പ്രതികരിച്ചു. അസ്പരയ്ക്ക് പിന്തുണ അറിയിച്ച് നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.