‘ആരെയും അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്‌ത്‌ നടി അപൂർവ ബോസ്..’ – ആശംസകളുമായി താരങ്ങൾ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ സുപരിചിതയായി മാറിയ നടി അപൂർവ ബോസ് വിവാഹിതയായി. ആരെയും അറിയിക്കാതെ റജിസ്റ്റർ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴാണ് താരത്തിന്റെ ആരാധകർ പോലും ഇത് മനസ്സിലാക്കുന്നത്. ധിമാൻ തളപത്ര ആണ് അപൂർവയുടെ വരൻ.

“നിയമപരമായി പരസ്പരം കുടുങ്ങി..”, എന്ന രസകരമായ ക്യാപ്ഷനോടെയാണ് അപൂർവ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ ആയിരുന്നു അപൂർവയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. റജിസ്റ്റർ വിവാഹത്തിന് വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. താരത്തിന്റെ സിനിമ സുഹൃത്തുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല. 2019-ന് ശേഷം അപൂർവ സിനിമയിൽ അധികം അഭിനയിച്ചിട്ടില്ല.

അതേസമയം കുടുംബാംഗങ്ങൾക്ക് ഒപ്പം നവംബറിൽ ആഘോഷപൂർവം വിവാഹം നടത്തുമെന്നും അപൂർവ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. മെയ് അഞ്ചിനായിരുന്നു അപൂർവ രജിസ്റ്റർ വിവാഹം ചെയ്തത്. നടിമാരായ മാളവിക മേനോൻ, ശ്രിന്ദ, ലിയോണ ലിഷോയ്, ഗൗതമി നായർ, നടൻ വിശാഖ് നായരും അപൂർവ്വയ്ക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് അപൂർവ താമസിക്കുന്നത്.

ഇന്റർനാഷണൽ ലോയിൽ ‘ബിരുദാനന്തര ബിരുദം’ പൂർത്തിയാക്കിയ ശേഷം യു.എനിൽ അപൂർവ ജോലിക്ക് പ്രവേശിച്ചത്. ജീസ് ജോണാണ് അപൂർവയുടെ വിവാഹ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മലർവാടി കൂടാതെ, പ്രണയം, പദ്മശ്രീ ഭരത് ഡോ.സരോജ് കുമാർ, പൈസ പൈസ, പകിട, ഹേ ജൂഡ് തുടങ്ങിയ സിനിമകളിൽ അപൂർവ അഭിനയിച്ചിട്ടുണ്ട്. എക്രോസ് ദി ഒസെൻ ആണ് അപൂർവയുടെ അവസാനം ഇറങ്ങിയ ചിത്രം.