ടെലിവിഷൻ മേഖലയിൽ അഭിനേതാക്കളെ പോലെ തന്നെ ആരാധകരുള്ള ആളുകളാണ് അവതാരകർ. പലപ്പോഴും ഒരു സിനിമ-സീരിയൽ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ സമൂഹ മാധ്യമങ്ങളിൽ ചാനൽ അവതാരകർക്കും അതുപോലെ റേഡിയോ ജോക്കികൾക്കും ലഭിക്കാറുണ്ട്. ചിലർ അതിലൂടെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കാറുണ്ട്. മലയാളത്തിലും അത്തരത്തിൽ നിരവധി പേരുണ്ട്.
രഞ്ജിനി ഹരിദാസ്, പേളി മാണി, ജുവൽ മേരി, ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം, മീര അനിൽ, ശ്രുതി മേനോൻ, ലക്ഷ്മി നക്ഷത്ര അങ്ങനെ പല അവതാരകരും സോഷ്യൽ മീഡിയയിൽ ആരാധകരുള്ളവരാണ്. ദമ്പതിമാരായിട്ടുള്ള അവതാരകർ എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ മനസ്സിലേക്ക് ഓടി വരുന്ന മുഖമാണ് ജീവ ജോസഫും അപർണ തോമസും. രണ്ട് പേരും അവതരണ രംഗത്തിലൂടെ ആരാധകരെ ഉണ്ടാക്കിയവരാണ്.
സീ കേരളത്തിലെ സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ജീവ ജോസഫ്. അപർണയാകട്ടെ അതെ ഷോയിൽ ഒരിക്കൽ ജീവയുടെ ഭാര്യ എന്ന രീതിയിൽ തന്നെ അതിഥിയായി എത്തിയപ്പോഴാണ് മലയാളികൾ ആദ്യമായി തിരിച്ചറിയുന്നത്. പിന്നീട് സീ കേരളത്തിലെ തന്നെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാം ഇരുവരും ഒരുമിച്ച് ഹോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇരുവരും വളരെ സജീവമായി ഇൻസ്റ്റാഗ്രാമിലുണ്ട്. ഇരുവരും ഒരുമിച്ച് ബിഗ് ബോസിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്ന് ചില വാർത്തകൾ വന്നിരുന്നു. എന്നാൽ തങ്ങൾ മാലിദ്വീപിൽ പോയേക്കുവാണെന്ന് സൂചിപ്പിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ജീവയും അപർണയും. “സോറി! ഞങ്ങൾ മാലിദ്വീപിലാണ്, ബിഗ് ബോസിൽ അല്ല.. അത്യാവശ്യമായ ബ്രേക്ക്..”, എന്ന ക്യാപ്ഷനോടെയാണ് ജീവ ഫോട്ടോ പങ്കുവച്ചത്.