‘എന്നെയും അമ്മയും തെറ്റുകാരായി മുദ്രകുത്തി, ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കരച്ചിൽ..’ – ദുരനുഭവം തുറന്ന് പറഞ്ഞ് അനുശ്രീ

നടി അനുശ്രീയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമ. ഫഹദ് ഫാസിലും അനുശ്രീയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു. സിനിമ റിലീസ് ആയിട്ട് ഏകദേശം പത്ത് വർഷത്തിന് അടുത്തായി. അനുശ്രീയുടെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.

തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള അനുഭവം, അതുപോലെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിൽ നേരിട്ട ദുരനുഭവത്തെ കുറിച്ചും ഇപ്പോൾ തുറന്നെഴുതിയിരിക്കുകയാണ് അനുശ്രീ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുശ്രീ ഈ കാര്യം അറിയിച്ചത്. ലാൽജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് അനുശ്രീ പല കാര്യങ്ങളും ഓർത്തെടുത്തത്. ഇത് എഴുതുമ്പോൾ എത്ര വട്ടം തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്ന് തനിക്ക് അറിയില്ലെന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ കുറിപ്പ് തുടങ്ങിയത്.

ആദ്യ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത് ദുബൈയിൽ വച്ചായിരുന്നു. തന്റെ ഒപ്പം കൂടെ വരാൻ അമ്മയ്ക്കും പാസ് പോർട്ട് എടുത്തെന്നും ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് തിരിച്ച് തന്റെ നാടായ കമുകുചേരിയിലേക്ക് എത്തുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്നും അനുശ്രീ എഴുതി. ആൾകാർ വരുന്നു, അനുമോദിക്കുന്നു, പ്രോഗ്രാമുകൾ വെക്കുന്നു എന്ന് ചിന്തിച്ച് നാട്ടിൽ എത്തിയപ്പോൾ നാട്ടുകാരുടെ പെരുമാറ്റത്തിൽ എന്തോ മാറ്റം തോന്നിയിരുന്നുവെന്നും അനുശ്രീ കുറിച്ചു.

താനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാർത്തിയെന്നും ഞങ്ങൾ വിഷമിക്കേണ്ടെന്ന് കരുതി അച്ഛൻ തങ്ങളോട് ഒന്നും പറഞ്ഞില്ലെന്നും എന്നാൽ നാട്ടിൽ തങ്ങളെ പറ്റി പറയുന്ന കഥകൾ കസിൻസ് പറഞ്ഞു. എന്തോരം കഥകളാണ് താൻ കേട്ടതെന്നും ആ ദിവസങ്ങളിൽ താൻ കരഞ്ഞ കരച്ചിൽ പിന്നീട് ജീവിതത്തിൽ ഒരിക്കലും കരഞ്ഞിട്ടുണ്ടാവുകയില്ലെന്നും അനുശ്രീ പറയുന്നു. ലാൽ ജോസ് സാറിനെ വരെ വിളിച്ചു കരഞ്ഞിട്ടുണ്ടെന്നും അനുശ്രീ കുറിച്ചു.

ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷേ മനുഷ്യന്റെ വാ മൂടികെട്ടാൻ പറ്റുകയില്ലെന്ന് ലാൽജോസ് സാർ ഉപദേശിച്ചു. ഒരിക്കൽ ഒരു മീഡിയ ടീം തന്റെ വീട്ടിൽ വന്ന് ഇന്റർവ്യൂ എടുത്ത സമയത്ത് അച്ഛൻ പൊട്ടിക്കരഞ്ഞത് ഇപ്പോഴും താൻ ഓർക്കുന്നുവെന്ന് അനുശ്രീ പങ്കുവച്ചു. തന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്ത് മാത്രം വിഷമിച്ചിട്ടാവും അച്ഛൻ അന്ന് കരഞ്ഞിട്ടുണ്ടാവുക എന്നും അനുശ്രീ ചോദിക്കുന്നു. താനൊരു സിനിമ നടിയായത് ആവാം തന്റെ നാട്ടുകാരുടെ കണ്ണിൽ താൻ ചെയ്ത തെറ്റെന്നും എന്നാൽ താൻ ആഗ്രഹിച്ച പാഷന്റെ പിറകിലാണ് പോയതെന്നും അനുശ്രീ കുറിച്ചു.

ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്ത ഉയരാൻ തുടങ്ങിയപ്പോൾ നാട്ടുകാരുടെ ആറ്റിറ്റ്യൂഡ് മാറിയെന്നും പിന്നീട് നാട്ടിൽ നടന്ന ഒരു പരിപാടിയിൽ ഇതേ പറ്റി താൻ പറഞ്ഞിട്ടുണ്ടെന്നും അനുശ്രീ കുറിപ്പിൽ എഴുതി. അന്നും ഇന്നും താൻ തന്റെ ഗുരുവായി കാണുന്നത് ലാൽ ജോസ് സാറിനെ മാത്രമാണെന്നും തന്റെ ജീവിതത്തിൽ താനും തന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹം ആണെന്നും കുറിച്ചുകൊണ്ടാണ് അനുശ്രീ കുറിപ്പ് അവസാനിപ്പിച്ചത്.