‘ഞാൻ അപ്പോൾ ഓർത്തത് ആ മൂത്ത മോനെയും പറക്കമുറ്റാത്ത ഇളയ കുഞ്ഞിനേയുമാണ്..’ – അവരെ ചേർത്ത് നിർത്തണമെന്ന് അഞ്ജു പാർവതി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഹാസ്യനടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ വിങ്ങലിലാണ് സിനിമ ലോകം. കൊല്ലം സുധിയുടെ വേർപാടിന്റെ വേദനയിൽ മാധ്യമപ്രവർത്തകയായ അഞ്ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സുധിയുടെ രണ്ട് കുഞ്ഞുങ്ങളെ ഓർത്താണ് പാർവതിയുടെ വേദന.

“വല്ലാത്ത നോവോടെ രാവിലെ കേട്ട് അറിഞ്ഞ വാർത്ത! അടുത്തിടെയായി കേൾക്കുന്നത് എല്ലാം നോവുന്ന, വിയോഗ വാർത്തകൾ. കൊല്ലം സുധി, ജീവിതം കനാലാഴിതീർത്തപ്പോഴും ഉള്ളിലെ കണ്ണീരും നോവും പുറത്ത് കാട്ടാതെ നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരുമനുഷ്യൻ. ദുരിത പർവ്വം താണ്ടി മിമിക്രി എന്ന കലയെ ചേർത്തു പിടിച്ചു, അതിനെ ജീവിതോപാധിയാക്കിയ ആ കലാകാരൻ ജീവിതം ആസ്വദിച്ച് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

ഫ്ലാവേഴ്സ് ചാനൽ വഴി അയാൾക്ക് കിട്ടിയത് അവസരങ്ങളും പോപ്പുലാരിറ്റിയും മാത്രമല്ല ജീവിതം നല്ല രീതിയിൽ കരുപ്പിടിപ്പിക്കാനുള്ള വഴികൂടിയാണ്. സ്റ്റാർമാജിക്ക് ഷോയിലെ പലരുടെയും കോമഡി കൗണ്ടറുകൾ അലോസരം ഉണ്ടാക്കാർ ഉണ്ടെങ്കിലും ഇന്നേവരെ സുധിയിൽനിന്നും അത്തരം ഒന്ന് കണ്ടിട്ടേയില്ല. നർമ്മത്തിനിടെയിലും നിർമ്മലത കാത്തു സൂക്ഷിച്ച കലാകാരൻ. ഇന്ന് വീണ്ടും അദ്ദേഹത്തിന്റെ ആ പഴയ ജീവിത കഥ ഫ്ലാവേഴ്സിലൂടെ കണ്ടു.

കൈ കുഞ്ഞിനേയും കൊണ്ട് സ്റ്റേജ് ഷോകളിൽ വന്നിരുന്ന ആ കാലം പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. കണ്ടിരുന്ന എന്റെയും! ഞാൻ അപ്പോൾ ഓർത്തത് ആ മൂത്തമോനെയും പറക്കമുറ്റാത്ത ഇളയകുഞ്ഞിനേയുമാണ്.. ഇനി ആ കുഞ്ഞുങ്ങൾ! എനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയില്ല. പക്ഷേ എന്റെ അടുത്ത സൗഹൃദങ്ങളുടെയും കൂട്ടുകാരനാണ്. അവരോട് ഒന്ന് മാത്രം പറയുന്നു, ചേർത്തു പിടിക്കണം ആ കുഞ്ഞുങ്ങളെ! നിങ്ങളുടെ ചേർത്തുപ്പിടിക്കലുകളിൽ ഒരു ഭാഗമായി ഞാനുമുണ്ടാകും..”, അഞ്ജു പാർവതി കുറിച്ചു.