‘ഒറ്റ വൃക്ക കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്..’ – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോർജ്

2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ് ‌ജമ്പിൽ വെങ്കലം നേടി മലയാളികളുടെ അഭിമാനമായി മാറിയ കായിക താരമാണ് അഞ്ജു ബോബി ജോർജ്. അധികം ആർക്കും അറിയാത്ത ഒരു സത്യം ഇപ്പോൾ ലോകത്തിന് മുന്നിൽ അറിയിച്ചിരിക്കുകയാണ് താരം. കുട്ടികാലത്ത് തന്നെ അഞ്ജുവിന്റെ വീട്ടുകാർ മനസ്സിലാക്കിയ ആ സത്യം അഞ്ജു അറിഞ്ഞതും ഒരുപാട് വൈകിയാണ്.

അത്‌ലറ്റിക്സിൽ ലോകം കീഴടക്കുമ്പോൾ അഞ്ജുവിന് ഉണ്ടായിരുന്നത് വെറും ഒറ്റ കിഡ്നി മാത്രമാണെന്ന കാര്യം അഞ്ജു ആരാധകരെയും മലയാളികളെയും അറിയിച്ചത് രാജ്യാന്തര കരിയറിന് വിരാമമിട്ട് വർഷങ്ങൾക്ക് ഇപ്പുറം ഇന്നാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടയെയാണ് അഞ്ചു ബോബി ജോർജ് ഈ കാര്യം അറിയിച്ചത്. കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിനെ ടാഗ് ചെയ്തുകൊണ്ടാണ് താരം ഈ കാര്യം പങ്കുവച്ചത്.

അഞ്ജുവിന്റെ ട്വീറ്റ് വായിക്കാം, ‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാൻ ഒരു ഭാഗ്യവതിയാണ്, ഒരൊറ്റ കിഡ്‌നിയുമായി ലോകത്തിന്റെ ടോപ്പിൽ എത്തിയ വളരെ കുറച്ചുപേരിൽ ഒരാൾ. കാലുകളുടെ പരിക്കിന് വേദനസംഹാരി കഴിക്കുമ്പോൾ, അതിന്റെ അലർജിയുടെ കാഠിന്യം വളരെ വലുതായിരുന്നു. അതുപോലെ നിരവധി പരിമിതികൾ.. അതെല്ലാം മറികടന്ന് ഇവിടെ വരെയെത്തി.

ഒരു പരിശീലകന്റെ മാജിക് എന്നോ അല്ലെങ്കിൽ കഴിവെന്നോ ഇതിനെ വിളിക്കാം..’, അഞ്ജു ട്വീറ്റ് ചെയ്തു. അഞ്ജുവിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട കേന്ദ്രകായിക മന്ത്രി കിരൺ റിജിജുവും താരത്തെ അഭിനന്ദിച്ച് ഒരു മറുപടി ട്വീറ്റ് പോസ്റ്റ് ചെയ്തു. ‘അഞ്ജു, താങ്കളുടെ കഠിനാധ്വാനവും മനക്കരുത്തും ഒപ്പം മികച്ച പരിശീലക സംഘവും സൗകര്യങ്ങളുമാണ് ഇന്ത്യയ്ക്ക് വേണ്ടി വലിയ നേട്ടങ്ങൾ സമ്മാനിച്ചത്.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇതുവരെ മെഡൽ നേടിയ ഏക ഇന്ത്യക്കാരി നിങ്ങൾ ആണെന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു..’, മന്ത്രി തിരിച്ച് ട്വീറ്റ് ചെയ്തു. കോമൺ വെൽത്ത് ഗയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായിക താരവുമാണ് അഞ്ജു. രാജ്യം അർജുന പുരസ്കാരവും അതുപോലെ പദ്മശ്രീയും നൽകി താരത്തെ ആദരിച്ചിട്ടുണ്ട്.

CATEGORIES
TAGS