ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ കയറികൂടിയാണ് നടിയാണ് അഞ്ജലി നായർ. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഞ്ജലി, ഒന്നിന് പിറകെ ഒന്നായി സിനിമകൾ ചെയ്തുകൊണ്ടേയിരുന്നു. പുലിമുരുകനിൽ മുരുകന്റെ അമ്മയുടെ റോളിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചു.
സീനിയർസ്, 5 സുന്ദരികൾ, കൂതറ, മുന്നറിയിപ്പ്, സെക്കൻഡ്സ്, ആട്, കമ്മട്ടിപ്പാടം, ആൻമരിയ കലിപ്പിലാണ്, ഒപ്പം, ടേക് ഓഫ്, റോൾ മോഡൽസ്, സഖാവ്, പുള്ളിക്കാരൻ സ്റ്റാറാ, പോക്കിരി സൈമൺ, തീരം, മോഹൻലാൽ, കമ്മാരസംഭവം, ബി.ടെക്, മിഖായേൽ, ഫോറൻസിക്, കാവൽ തുടങ്ങിയ സിനിമകളിൽ അഞ്ജലി നായർ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2-വിലും വളരെ ശ്രദ്ധേയമായ ഒരു വേഷം അഞ്ജലി ചെയ്തിരുന്നു.
സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുമായി വിവാഹിതയായിരുന്നെങ്കിലും പിന്നീട് ഇരുവരും നിയമപരമായി ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. ആവണി എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്. ഈ വർഷം ആദ്യം അഞ്ജലി വീണ്ടും വിവാഹിതയായി എന്ന വാർത്ത വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വിശേഷംകൂടി അഞ്ജലിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്.
അഞ്ജലി വീണ്ടും അമ്മയായതിന്റെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒരു പെൺകുഞ്ഞിനാണ് താരം ജന്മം നൽകിയിരിക്കുന്നത്. ഭർത്താവ് അജിത് രാജുവിനും കുഞ്ഞിനും ഒപ്പമുള്ള ഒരു ആശുപുത്രി സെൽഫി ഫോട്ടോയോടൊപ്പമാണ് അഞ്ജലി ഈ സന്തോഷ വാർത്ത പങ്കുവച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് അഞ്ജലിക്ക് ആശംസകളുമായി രംഗത്ത് വന്നത്.