‘ചേച്ചി ഇപ്പോഴും ബാലു ചേട്ടന്റെ ഒപ്പം ഹോസ്പിറ്റലിൽ ഉണ്ട്, പാപ്പുവും കണ്ടു സംസാരിച്ചു..’ – പ്രതികരിച്ച് അഭിരാമി സുരേഷ്

മണിക്കൂറുകൾക്ക് മുമ്പാണ് നടൻ ബാല ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എന്ന രീതിയിൽ വാർത്തകൾ വന്നത്. ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് ആളുകളും രംഗത്ത് വന്നിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാല ഒരാഴ്ച മുമ്പ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബാലയ്ക്ക് കടുത്ത ചുമയും വയറുദേവനയും അനുഭവപ്പെട്ടിരുന്നു.

അതെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊച്ചിയിൽ അമൃത ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലാണ് താരം. ആശുപത്രിയിൽ കിടക്കയിൽ കിടന്ന് ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബാലയുടെ ആദ്യ ഭാര്യ അമൃതയുമായി വേർപിരിയുകയും മകൾ അമൃതയ്ക്ക് ഒപ്പം താമസിക്കുകയും ആയിരുന്നു. ബാല വേറെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയെന്ന് വാർത്തകൾ വന്നതോടെ അമൃത മകളെ ബാലയെ കാണിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു. ഇപ്പോഴിതാ അമൃതയുടെ അനിയത്തി അഭിരാമി അതിന്റെ കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ്. പാപ്പവും ചേച്ചിയും ബാല ചേട്ടനെ കണ്ടു.. സംസാരിച്ചു. ഞങ്ങൾ കുടുംബസമേതം എത്തി. ചേച്ചി ഇപ്പോഴും ബാലു ചേട്ടന് ഒപ്പം ഹോസ്പിറ്റലിലാണ്.

ചെന്നൈയിൽ നിന്ന് ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ മണിക്കൂറുകളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക..”, അഭിരാമി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചു. ബാല എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പലരും അതിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. നടൻ ഉണ്ണി മുകുന്ദനും ബാലയെ ആശുപത്രിയിൽ എത്തി സുഖവിവരങ്ങൾ തിരക്കിയിരുന്നു.