‘മന്ത്രിക്ക് ഒപ്പം ഇരിക്കാൻ യോഗ്യത ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി..’ – ദുരനുഭവം പങ്കുവച്ച് സീരിയൽ നടി അമൃത നായർ

കുടുംബവിളക്ക് എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് നടി അമൃത നായർ. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രമായിട്ടാണ് അമൃത അഭിനയിക്കുന്നത്. ഇപ്പോൾ ഗീതാഗോവിന്ദം, കളിവീട് എന്നീ സീരിയലുകളിലാണ് അമൃത അഭിനയിക്കുന്നത്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

അമൃത പഠിച്ച സ്കൂളിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഈ അനുഭവമുണ്ടായത്. ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറും ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. മന്ത്രിക്ക് ഒപ്പം വേദിയിൽ ഇരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന കാര്യമാണ് അമൃത ഏറെ വിഷമത്തോടെ പങ്കുവെച്ചത്. പക്ഷേ ഗണേഷ് കുമാറിന്റെ തന്നോടുള്ള പെരുമാറ്റത്തെ പുകഴ്ത്തിയും അമൃത എഴുതിയിട്ടുണ്ട്.

താൻ പഠിച്ച സ്കൂളിൽ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നുവെന്നും എന്നാൽ തലേന്ന് രാത്രി സംഘാടകരിൽ ഒരാൾ വിളിച്ചിട്ട് തന്നെ മാറ്റിയെന്നും കാര്യം ചോദിച്ചപ്പോൾ മന്ത്രിയുടെ കൂടെ ഇരിക്കാനുള്ള യോഗ്യത തനിക്കില്ലെന്നുമാണ് അറിയിച്ചതെന്നും അമൃത കുറിച്ചു. ഇരു ജനപ്രതിനിധിയുടെ കൂടെ വേദിയിൽ അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും താരം കുറിച്ചു.

തന്റെ വിദ്യാലയം വിദ്യാലയം ഈ ശതാബ്തി നിറവിൽ നിൽക്കുമ്പോൾ കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ അറിയിക്കുന്നുവെന്നും ഒടുവിൽ അമൃത കുറിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം സീരിയലിലെ താരങ്ങളുടെ സംഘടനയുടെ പരിപാടിയിൽ വച്ച് ഗണേഷ് കുമാറിനെ കണ്ടപ്പോഴുള്ള ഫോട്ടോയും അമൃത പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം അറിയാതെയാണ് അമൃതയെ ഒഴിവാക്കിയത്.

“പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവച്ചിരുന്നുവലോ. ആ വിഷയത്തിൽ എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങൾ വഴിയും പിന്തുണ അറിയിച്ച എല്ലാവർക്കും എന്റെ നന്ദി. വേദിയിൽ ഒപ്പം ഇരിക്കാൻ യോഗ്യത ഇല്ലെന്നു പറഞ്ഞവരുടെ മുൻപിൽ എന്നെ ഇങ്ങനെ ചേർത്ത് നിർത്തിയ ബഹു. മന്ത്രി ഗണേഷ്‌ സാറിനോട് ഓരായിരം നന്ദി..”, ഇതായിരുന്നു ഗണേഷിന് ഒപ്പമുള്ള ഫോട്ടോയോടൊപ്പം അമൃത കുറിച്ചത്.