‘ആ ഗോൾഡ് എന്റെ ഗോൾഡ് അല്ല! തിരക്കഥ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ എനിക്ക് ലഭിച്ചില്ല..’ – പ്രതികരിച്ച് അൽഫോൻസ് പുത്രൻ

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു ചിത്രമായിരുന്നു ഗോൾഡ്. പ്രേമം എന്ന സിനിമയ്ക്ക് ശേഷം ആറ് വർഷത്തോളം ഇടവേള എടുത്ത് അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ സിനിമയ്ക്ക് സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ അൽഫോൻസ് തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

അൽഫോൻസിൻറെ ഒരു പോസ്റ്റിന് താഴെ പ്രേമം ഡിലീറ്റഡ് സീനുകൾ റിലീസ് ചെയ്യുമോ എന്ന് ചോദിച്ച് ഒരു ആരാധകൻ കമന്റ് ഇട്ടിരുന്നു. ഇതിന് മറുപടി പറയുന്ന കൂട്ടത്തിലാണ് അൽഫോൻസ് ഗോൾഡിനെ കുറിച്ചും പറഞ്ഞത്. “അവയിൽ മിക്കതും ഞാൻ എഴുതിയ ജോർജ്ജ് കഥാപാത്രവുമായി പൊരുത്തപ്പെടാത്തതിനാൽ ഞാൻ അത് ഡിലീറ്റ് ചെയ്തു. ജോർജ്ജ് തിരക്കഥയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ മലരും തിരക്കഥയുമായി പൊരുത്തപ്പെടില്ല.

അതുകൊണ്ട് എന്നോട് ഇത് വീണ്ടും ചോദിക്കരുത്. കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല. പൃഥ്വിരാജിന്റെയും ലിസ്റ്റിന്റെയും ഒരു ഉദ്യമത്തിൽ കൊവിഡ് സമയങ്ങളിൽ ഞാൻ ഇട്ട എന്റെ ലോഗോയാണിത്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേതാ മോഹനും ചേർന്ന് പാടിയ ഗാനം ഷൂട്ട് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ആ പാട്ട് ഇഷ്ടപ്പെട്ടു.

എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും പാട്ട് ചിത്രീകരണത്തിനായി രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ചോദിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതുപോലെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും സ്ക്രിപ്റ്റ് പോലെയായിരുന്നില്ല. എനിക്ക് ക്രോണിക് പാൻക്രിയാറ്റിസ് ഉള്ളതിനാലും മരുന്ന് കഴിക്കുന്നതിനാലും എനിക്ക് തിരക്കഥ എഴുതാനും ഡയറക്റ്റ് ചെയ്യാനും കളർ ചെയ്യാനും എഡിറ്റ് ചെയ്യാനും മാത്രമേ കഴിഞ്ഞുള്ളൂ. അതുകൊണ്ട് തൽക്കാലം ഗോൾഡ് മറക്കുക..:, അൽഫോൻസ് മറുപടി കൊടുത്തു.