‘പണപ്പിരിവ് നടത്തി സിനിമ എടുത്തു, ആവശ്യം കഴിഞ്ഞ് പൊടി തട്ടി ഇറങ്ങി..’ – രാമസിംഹന് എതിരെ യുവ സംവിധായകൻ

ബിജെപിയിൽ നിന്ന് സിനിമാക്കാരുടെ കൊഴിഞ്ഞുപോക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വാദിച്ചിരുന്ന ഒരാളായ സംവിധായകൻ അലി അക്ബർ എന്ന രാമസിംഹൻ ഇപ്പോഴിതാ പാർട്ടി വിട്ടിരിക്കുകയാണ്. നേരത്തെ സംവിധായകനായ രാജസേനൻ, നടൻ ഭീമൻ രഘു എന്നിവരും ബിജെപിയിൽ നിന്ന് വിട്ടു. സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

രാമസിംഹൻ പാർട്ടി വിട്ടതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും നടക്കുന്നുണ്ട്. ഇപ്പോഴിതാ രാമസിംഹന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് യുവസംവിധായകനായ ശരത് രമേശ്. രാമസിംഹൻ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ അന്നൗൺസ് ചെയ്ത സമയത്ത് ഓൺലൈൻ വഴി പണപ്പിരിവ് നടത്തിയിരുന്നു. അന്നും ശരത് അതിനെതിരെ പ്രതികരിച്ചിരുന്നു. അന്ന് പൈസ അയച്ചവർക്ക് ഒക്കെ ഇപ്പോൾ ആവശ്യത്തിന് കിട്ടിക്കാണുമെന്ന് ശരത് ചോദിക്കുന്നു. ശരത്തിന്റെ പോസ്റ്റ് വായിക്കാം :-

“‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ ചെയ്യാൻ എന്ന പേരിൽ ഓൺലൈൻ വഴി ഇദ്ദേഹം പണപ്പിരിവ് നടത്തിയപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ച ഒരാളാണ് ഞാൻ. അന്ന് നിരവധി പോസ്റ്റുകൾ ഇതിനെക്കുറിച്ച് ഞാൻ ഇട്ടിരുന്നു. ഈ കാശ് അയച്ചവർക്കൊക്കെ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കിൽ സിനിമാമോഹിയായ ഏതെങ്കിലും പുതിയ ഒരു ചെറുപ്പക്കാരന് അതിനുള്ള അവസരം കൊടുക്കണം എന്ന് വരെ ഞാൻ പറഞ്ഞിരുന്നു.

താത്കാലിക ലാഭത്തിനായി ഇന്ന് ഇയാൾ പാർട്ടിയ്ക്ക് ജയ് വിളിക്കുന്നു എന്ന് കരുതി നാളെ ഇയാൾ ആവശ്യം കഴിഞ്ഞ് പൊടി തട്ടി പോയാൽ ഈ കാശ് വാരി അറിയുന്നവർ എന്ത് ചെയ്യും എന്നും ഞാൻ ചോദിച്ചിരുന്നു.
ഇങ്ങനെ തുടർച്ചയായി പോസ്റ്റുകൾ ഇട്ടതിന്റെ പേരിൽ എനിക്ക് കിട്ടിയ തെറിവിളികൾക്ക് കൈയും കണക്കുമില്ല. തെറിവിളികളെ കൂടാതെ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭിച്ച ഉപദേശങ്ങൾ വേറെ. എന്തായാലും ഒന്നര മുതൽ രണ്ട് കോടി രൂപ വരെ അദ്ദേഹത്തിന് അയച്ചു കൊടുത്ത ദേശസ്നേഹികൾക്ക് എല്ലാവർക്കും ഇപ്പോൾ ആവശ്യത്തിന് കിട്ടിക്കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാം ഒരു മമധർമ്മയല്ലേ..”, ശരത് കുറിച്ചു.