‘അടുത്ത പത്ത് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം പൂർണമാകും..’ – കുറിപ്പ് പങ്കുവച്ച് അഖിൽ മാരാർ

പതിനൊന്ന് വർഷം മുമ്പ് താൻ പങ്കുവച്ച് പോസ്റ്റ് വീണ്ടും ഷെയർ ചെയ്തു സംവിധായകനും മുൻ ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. താൻ ബിഗ് ബോസിന് ശേഷമല്ല രാഷ്ട്രീയം സംസാരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അഖിൽ ആ പഴയ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. അഖിലിന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ അടുത്തിടെ അദ്ദേഹത്തിന് പല ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ടായിരുന്നു.

“അഖിൽ മാരാർ രാഷ്ട്രീയം പറയാൻ തുടങ്ങിയത് ബിഗ് ബോസ്സ് ജയിച്ച ശേഷം ആണെന്ന് കരുതുന്ന ചിലർക്ക് വേണ്ടി.. 11 വർഷം മുൻപ് ഞാൻ എഴുതിയത്.. എന്റെ കാഴ്ചപ്പാടും യാഥാർഥ്യവും..”, ഇതായിരുന്നു ആ പഴയ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അഖിൽ കുറിച്ചത്. “അടുത്ത പത്ത് വർഷത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം ഇന്ത്യയിൽ ഏറക്കുറെ പൂർണമാകും. ദേശീയ പാർട്ടിയിൽ നിന്ന് സംസ്ഥാന പാർട്ടിയിലേക്ക് മാറുമ്പോൾ..

അധികാര ദുർഭ്രമത്താൽ അടിത്തറ ഇളകുന്ന കോൺഗ്രസ്.. അതേസമയം രാജ്യത്ത് ബിജെപി ശക്തിപ്പെടും. കാലഹരണപ്പെട്ട ആശയവും ചിന്താശേഷിയില്ലാത്ത പ്രവർത്തനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വീഴ്ചയ്ക്ക് കാരണമാകുമ്പോൾ, കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവും ജനങ്ങളുടെ വർഗീയ വികാരവും ബിജെപിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടും..”, ഇതായിരുന്നു അഖിൽ പതിനൊന്ന് വർഷം മുമ്പിട്ട പോസ്റ്റ്.

“അഖിലേ നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥത്തിൽ പൊതു പ്രവർത്തന രംഗത്തേക്കും ഭരണത്തിലേക്കും ഒക്കെ വരേണ്ടത് കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി അറിയേണ്ട കഴിവും വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉള്ളവർ.. അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത്..”, ആരാധകരിൽ ഒരാൾ പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടു. എന്നാൽ കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരുമെന്നും അഖിലിന് തിരിച്ച് ചിലർ മറുപടിയും കൊടുത്തിട്ടുണ്ട്.