‘ജോജുവിന്റെ തിരക്കഥയിൽ സാഗറും ജുനൈസും, ഒപ്പം അഖിൽ മാരാരും..’ – സിനിമ പ്രഖ്യാപനം ഉടനെന്ന് സൂചന

ബിഗ് ബോസ് സീസൺ അവസാനിച്ച് പുറത്തിറങ്ങി വരുന്ന മത്സരാർത്ഥികൾക്ക് ഗംഭീര പിന്തുണയാണ് മലയാളികളിൽ നിന്ന് ലഭിക്കുന്നത്. എയർപോർട്ടിൽ എത്തുന്ന താരങ്ങളെ സ്വീകരിക്കാൻ ആരാധകരുടെ വരവും ഉണ്ടായിരുന്നു. വിജയിയായ അഖിൽ മാരാരെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമായിരുന്നു എയർപോർട്ടിൽ. പുറത്തിറങ്ങിയ അഖിൽ നേരെ പോയത് നടൻ ജോജു ജോർജിന്റെ വീട്ടിലേക്കാണ്.

അഖിൽ മാത്രമല്ല, മത്സരാർത്ഥികൾ ആയിരുന്നു സാഗർ സൂര്യയും ജുനൈസ് വിപിയും ജോജുവിനെ കാണാൻ എത്തിയിരുന്നു. നേരത്തെ ബിഗ് ബോസിൽ നിന്ന് പുറത്തായ സാഗർ ഫിനാലെ വീക്കിൽ തിരിച്ചെത്തിയപ്പോൾ ജോജു ജോർജിന്റെ തിരക്കഥയിൽ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുന്ന താനും ജുനൈസും ആണെന്നും സാഗർ പറഞ്ഞിട്ടുണ്ടായിരുന്നു.

ബിഗ് ബോസ് കഴിഞ്ഞ് മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ജുനൈസ് ആണ് ഈ കാര്യം പങ്കുവച്ചത്. “എല്ലാം നല്ലതിന് വേണ്ടിയാണ്” എന്ന ക്യാപ്ഷനോടെ ജോജുവിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ജോജുവിന്റെ ആ സിനിമയിൽ അഖിൽ മാരാരും ഒരു ഭാഗമായിരിക്കും.

വിജയിയായ അഖിലിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു ജോജു. തന്റെ അടുത്ത ചിത്രത്തിൽ ജുനൈസും സാഗറും ഉണ്ടെന്നും അഖിലും ഉണ്ടെന്ന് ജോജു പറഞ്ഞു. ജോജുവിനോട് ഒരു സിനിമയുടെ കാര്യം സംസാരിക്കാനാണ് താനും ഓടിയെത്തിയതെന്ന് അഖിലും പറഞ്ഞിരുന്നു. നാളെ ജോജു യു.കെയിലേക്ക് പോകുന്നത് കൊണ്ടാണ് ഇന്ന് തന്നെ ഓടിയെത്തിയത് അഖിൽ പറയുകയും ചെയ്തു. എന്തായാലും രണ്ടും രണ്ട് സിനിമയാണോ എന്ന് ഇനിയും വ്യക്തത വരാനുണ്ട്.