‘പരസ്യങ്ങൾ ചെയ്യാൻ ആളുകൾ സമീപിക്കാറുണ്ട്, ചെയ്യുന്നില്ല എന്നാണ് തീരുമാനം..’ – കാരണം വ്യക്തമാക്കി അഖിൽ മാരാർ

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പിൽ വിജയിയായി കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ ഒരാളാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. ഷോയിൽ വരുന്നതിന് മുമ്പ് കുറച്ചുപേർക്കെങ്കിലും വിരോധിയായി തോന്നിയ അഖിൽ, അവരെ പോലും തന്റെ ആരാധകരാക്കി മാറ്റിയെന്നതാണ് സത്യം. ഷോ കഴിഞ്ഞപ്പോഴും അഖിലിന്റെ നിലപാടുകളാണ് ആരാധകരെ കൂടുതൽ നേടിക്കൊടുക്കുന്നത്.

അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് പരസ്യങ്ങൾ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തിരിക്കുന്നത്. അതിന് വ്യക്തമായ കാരണവും അഖിലിന് ഉണ്ട്. അഖിൽ തൻറെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്. “നിരവധി ആളുകൾ പരസ്യം ചെയ്യാൻ വേണ്ടി സമീപിക്കുന്നുണ്ട്. പരസ്യങ്ങൾ ചെയ്യുന്നില്ലെന്നാണ് എന്റെ തീരുമാനം. ഒരു ഉത്പന്നം ഞാൻ ഉപയോഗിച്ചോ അനുഭവിച്ചോ ബോധ്യം വരാതെ അത് സൂപ്പറാണെന്ന് പൊതുജനത്തെ പറഞ്ഞു പറ്റിക്കാൻ ഞാൻ തയാറല്ല.

ഈ തീരുമാനത്തിന്റെ ഭാഗമായി ചെറുതും വലുതുമായ കമ്പനികളെ ചെറിയ രീതിയിലെങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്. അവർക്ക് ഞാൻ അഹങ്കാരിയായി തോന്നാം. ആ അഹങ്കാരം തുടരാനാണ് എന്റെ ഉദ്ദേശ്യം. ഉത്പന്നത്തിന്റെ മൂല്യമാണ് ഏറ്റവും വലിയ പരസ്യമെന്നാണ് എന്റെ വിശ്വാസം..”, അഖിൽ മാരാർ തന്റെ തീരുമാനം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. അഖിലിന്റെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് വന്നത്.

നല്ല തീരുമാനം.. പണത്തിന് വേണ്ടി പാവം ജനങ്ങളെ പറ്റിക്കേണ്ട കാര്യമില്ല എന്ന് അനുകൂലിച്ചവർ കമന്റ് ഇടുമ്പോൾ, എന്നാൽ ഈ കാണുന്ന പിന്തുണ അടുത്ത സീസൺ വരെ കാണുകയുള്ളൂ എന്നും അതുകൊണ്ട് തന്നെ പരമാവധി ഉദ്‌ഘാടനങ്ങളും പരസ്യങ്ങളും ചെയ്യുക, താങ്കൾ പരസ്യം ചെയ്തുവെന്ന് കരുതി ആരും അത് വാങ്ങണമെന്നില്ലെന്നും സാധനം കൊള്ളാമെങ്കിൽ മാത്രമേ വാങ്ങൂവെന്നും ഇത് വലിയ മണ്ടത്തരമായി പിന്നീട് തോന്നുമെന്നും തീരുമാനത്തെ എതിർത്തും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.