സിനിമ മേഖലയിലെ താരദമ്പതിമാർ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അവരുടെ പുത്തൻ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് താൽപര്യമാണ്. സിനിമയിൽ പ്രണയജോഡികളായി അഭിനയിച്ച ശേഷം യഥാർത്ഥത്തിൽ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരായ നിരവധി താരജോഡികളുണ്ട്. അത്തരത്തിൽ ഒരു താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും.
1999-ൽ അമർക്കളം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അജിത്തിന് ശാലിനിയോട് പ്രണയം തോന്നുന്നത്. അജിത് തന്റെ പ്രണയം ശാലിനിയോട് പറയുകയും പിന്നീട് 2000-ൽ ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തു. 2000 ഏപ്രിൽ 24-നായിരുന്നു ശാലിനിയുടെയും അജിത്തിന്റെയും വിവാഹം നടന്നത്. വിവാഹ ശേഷം ശാലിനി സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് 23 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും ഇരുപത്തിമൂന്നാം വിവാഹ വാർഷികം. “23 വർഷങ്ങൾ” എന്ന ക്യാപ്ഷനോടെ ശാലിനി തന്റെ ഭർത്താവിനെ കെട്ടിപിടിച്ച് നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. താരങ്ങളെ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ ഇരുവർക്കും വാർഷികാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്.
അജിത്തിന്റെ മകൻ കഴിഞ്ഞ ദിവസം ഐപിഎൽ മത്സരത്തിൽ ചെന്നൈയെ പിന്തുണച്ച് ഗാലറിയിൽ ഇരിക്കുന്ന ഫോട്ടോ ശാലിനി പങ്കുവച്ചിരുന്നു. സിനിമയിലെ തല, ക്രിക്കറ്റിലെ തലയായ ധോണിയുടെ കളി കാണാൻ വരണമെന്ന് അജിത്തിന്റെ ആരാധകർ ഇതിന് താഴെ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കുട്ടികളാണ് താരദമ്പതികൾക്കുള്ളത്. മൂത്തത് മകൾ അനുഷ്ക, ഇളയത് മകൻ ആദവിക് കുമാർ.