‘ജന്മദിനത്തിൽ പോസ്റ്റ്, ഇപ്പോൾ ഔദ്യോഗികം!! ഷംന കാസിം വിവാഹിതയാകുന്നു..’ – പ്രണയ വിവാഹമാണോ എന്ന് ആരാധകർ

‘മഞ്ഞു പോലെയൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി ഷംന കാസിം. കഴിഞ്ഞ 18 വർഷമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഷംന കാസിം.

33-കാരിയായി ഷംന വിവാഹിതയാകാൻ പോകുന്ന വാർത്തയാണ് താരം പങ്കുവച്ചത്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായ ഷംനയുടെ വിവാഹ വാർത്ത ആരാധകരെ സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ദുബൈയിൽ ബിസിനെസുകാരനായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭാവിവരൻ. ജെ.ബി.എസ് ഗ്രൂപ്പിന്റെ ഫൗണ്ടറും സി.ഇ.ഒയുമാണ് ഷാനിദ്.

“കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു, ഇപ്പോൾ അത് ഔദ്യോഗികമാണ്..”, ഷംന കാസിം തന്റെ ഭാവിവരനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഷംനയ്ക്ക് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. ഷംനയുടെ ജീവിതത്തിൽ ഇത് ഇരട്ടിമധുരമാണ്. ഈ കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ ജന്മദിനം ആഘോഷിച്ചത്. ഷംനയ്ക്ക് ജന്മദിനം ആശംസിച്ച് ഷാനിദ് കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹ വാർത്തയും പുറത്തുവന്നിരിക്കുന്നത്. നടിമാരായ സരയു മോഹൻ, പ്രിയാമണി, ശില്പ ബാല, പ്രിയങ്ക നായർ, കനിഹ, കൃഷ്ണ പ്രഭ, രചന നാരായണൻകുട്ടി, ഭാമ, ശ്വേതാ മേനോൻ, സ്വാസിക, ശിവദ ഗായകരായ റിമി ടോമി, മഞ്ജരി, അവതാരകരായ ലക്ഷ്മി നക്ഷത്ര, പേളി മാണി എന്നിവർ പ്രിയ സുഹൃത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.